കൊടും തണുപ്പിലും തളരാതെ കർഷക പ്രക്ഷോഭം മുപ്പത്തിയെട്ടാം ദിവസത്തിലേക്ക്

നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്‍റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക
കൊടും തണുപ്പിലും തളരാതെ കർഷക പ്രക്ഷോഭം മുപ്പത്തിയെട്ടാം ദിവസത്തിലേക്ക്

ന്യൂഡൽഹി: കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്ന് മുപ്പത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. കൊടും തണുപ്പാണ് ഡൽഹിയിൽ നിലവിൽ. ഈ തണുപ്പത്താണ് വീര്യം കെടാതെ കർഷകർ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ കർഷകരോട് അനുകമ്പ കാണിക്കാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല.

നാലാം തിയതിയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്‍റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക.

നിയമങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ ബദല്‍ മാര്‍ഗ്ഗമെന്ത് എന്ന് വിശദീകരിക്കാന്‍ കര്‍ഷക സംഘടനകളോട് സര്‍ക്കാര്‍ ചോദിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്.

അതിനിടെ, തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഇന്നലെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പ്രായമേറെയുള്ള നിരവധി കർഷകർ ഈ കൊടുംതണുപ്പിൽ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇത് ഇവരുടെ ആരോഗ്യത്തെ ഏറെ ബാധിക്കുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com