
ന്യൂഡൽഹി: കൊടും തണുപ്പിനിടയിലും ശക്തമായ മഴയത്തും സമരവീര്യം വിടാതെ കർഷക സമരം നാല്പതാം ദിവസവും തുടരുന്നു. ഇന്ന് നടക്കുന്ന ചർച്ചയിൽ തങ്ങളുടെ പ്രധാന ആവശ്യങ്ങളായ മൂന്ന് വിവാദ നിയമങ്ങൾ പിൻവലിക്കുന്നതിലും താങ്ങുവിലക്ക് നിയമ പരിരക്ഷ നൽകുന്നതിലും അനുകൂല തീരുമാനമുണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് 'കിസാൻ പരേഡ്' നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനമില്ലെങ്കിൽ ഈ മാസം ആറിന് ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ വ്യക്തമാക്കി.
അതേസമയം, സമരം തുടരുന്ന കര്‍ഷകര്‍ക്ക് വെല്ലുവിളി ഇരട്ടിയാക്കുകയാണ് ഡൽഹിയിലെ കാലാവസ്ഥ. എന്നാല്‍ ദിവസങ്ങള്‍ കൂടുന്തോറും കൂടുതല്‍ കര്‍ഷകര്‍ സമരത്തില്‍ പങ്കുചേരുന്ന കാഴ്ച്ചയാണ് അതിര്‍ത്തികളില്‍ കാണുന്നത്.
മഴ പെ്യതതോടെ ചളി പുതഞ്ഞു കിടക്കുകയാണ് സിംഘുവിലെ സമര ഭൂമി. മാലിന്യവും ചളിയും കാരണമുണ്ടാകുന്ന ഈച്ച ശല്യവും രൂക്ഷം. വെള്ളം കെട്ടിനിൽക്കുന്ന ക്യാമ്പുകളിൽ തണുപ്പകറ്റാനുള്ള കമ്പിളിപ്പുതപ്പുകൾ നനഞ്ഞ് കുതിർന്ന് സമരക്കാർ കഠിന ദുരിതത്തിലാണ്. സമര സിരാകേന്ദ്രമായ സിംഘുവിലെ ക്യാമ്പുകളിലേക്ക് കയറിയ വെള്ളം ഒഴുക്കിവിട്ട ശേഷമാണ് കർഷകർക്ക് കയറാനായത്. തണുപ്പ് ചെറുക്കാൻ കർഷകർ ഉണ്ടാക്കിയ ക്രമീകരണങ്ങൾ മഴയിൽ ഇല്ലാതായെന്ന് കർഷകർ വ്യക്തമാക്കുന്നു.
പക്ഷെ ഇതൊന്നും വകവെയ്ക്കാതെ കുടംബസമേതമാണ് ഇപ്പോള്‍ സമര വേദിയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നത്. സമരപ്പന്തലുകളിലെല്ലാം കുട്ടികളെ കാണാം. കൊടി പിടിച്ചും മുദ്യാവാക്യം വിളിച്ചും അവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം കൂടുന്നു.
തുടക്കത്തില്‍ സ്ത്രീകള്‍ കുറവായിരുന്ന സമരവേദി ഇപ്പോള്‍ സ്ത്രീകള്‍ കീഴടക്കിയ നിലയിലേക്ക് മാറി. മുതിര്‍ന്ന സ്ത്രീകളാണ് സമരത്തിന് മുന്നില്‍ ഉള്ളവരില്‍ അധികവും. തണുപ്പ് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കു പുറമെ, ഇപ്പോള്‍ മഴ നനഞ്ഞു കൊണ്ടാണ് സമരം തുടരുന്നത്. എന്നാല്‍ മഴയും കാറ്റും കനത്താലും നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.