സിംഗുവിലെ സമരഭൂമിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു; മരണം നാലായി

പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിങ് (40) ആണ് വിഷം കഴിച്ച്‌ ജീവനൊടുക്കിയത്
സിംഗുവിലെ സമരഭൂമിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു; മരണം നാലായി

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയായ സിംഗുവില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ അണിനിരന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിങ് (40) ആണ് വിഷം കഴിച്ച്‌ ജീവനൊടുക്കിയത്. ഇതോടെ കര്‍ഷകസമരത്തിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി.

വിഷം കഴിച്ചതിനെ തുടര്‍ന്ന് അമരീന്ദര്‍ സിങ്ങിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

അതേസമയം കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ഷക സംഘടനകളുടെ നിര്‍ണായക യോഗം നാളെ ചേരും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സിംഗുവിലാണ് യോഗം ചേരുക.

സമരത്തിലുള്ള എല്ലാ സംഘടനകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചു. മുന്നോട്ട് സര്‍ക്കാരുമായി സഹകരണത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകും മകര സംക്രാന്തി ദിനത്തില്‍ കാര്‍ഷിക ബില്ലുകള്‍ കത്തിച്ച്‌ ഉത്സവം ആഘോഷിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.

നൂറുകണക്കിന് കര്‍ഷകരാണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ 30 ദിവസത്തിലേറെയായി സമരം തുടരുന്നത്. നവംബര്‍ 26നാണ് സമരം ആരംഭിച്ചത്. ഏഴ് തവണ കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ടും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com