പ്രതിഷേധം തുടരുന്നു; കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല

സമവായം ഉണ്ടാക്കിയ ശേഷം ബില്ല് രാജ്യസഭയില്‍ കൊണ്ടുവരാനാണ് നീക്കം.
പ്രതിഷേധം തുടരുന്നു; കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല

ന്യൂ ഡല്‍ഹി: കര്‍ഷക സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ ഇന്ന് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധം തുടരുന്നതിനിടെ ബില്ലുകള്‍ കൊണ്ടുവന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍.

ബില്ലില്‍ പ്രതിഷേധിച്ച് അകാലികള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ സ്ഥാനം രാജിവെച്ചിരുന്നു. ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയും ബില്ലുകള്‍ പിന്‍വലിക്കണമെന്ന നിലപാടുമായി രംഗത്തെത്തി. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെയുള്ള കര്‍ഷക പ്രതിഷേധം ശക്തമാകുകയാണ്.

ഈ സാഹചര്യത്തില്‍ സമവായം ഉണ്ടാക്കിയ ശേഷം ബില്ല് രാജ്യസഭയില്‍ കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ദിവസം ബില്ലിനെ അനുകൂലിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ബില്ലിന്റെ പേരില്‍ പ്രതിപക്ഷം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മോദി ആരോപിച്ചത്. ബില്ലുകള്‍ കര്‍ഷകരുടെ ഗുണം മാത്രം മുന്‍നിര്‍ത്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പാപ്പരത്ത നിയമഭേദഗതി, ബാങ്കിംഗ് നിയന്ത്രണ ബില്‍ തുടങ്ങിയവ ഇന്ന് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി നല്‍കും. സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഇന്നും യുഡിഎഫ് എംപിമാര്‍ നോട്ടീസ് നല്‍കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com