വാഹനത്തിൽ കുട്ടികളുടെ പേരെഴുതാം; സ്റ്റിക്കർ ഒട്ടിക്കാം: വ്യാജ പ്രചാരണങ്ങളിൽ വീഴരുത്

സംഭവത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് അന്വേഷണം.കോം നടത്തിയ അന്വേഷണത്തിൽ മോട്ടോർ വകുപ്പ് വെളിപ്പെടുത്തിയ വിവരങ്ങൾ
വാഹനത്തിൽ കുട്ടികളുടെ പേരെഴുതാം; സ്റ്റിക്കർ ഒട്ടിക്കാം: വ്യാജ പ്രചാരണങ്ങളിൽ വീഴരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പിഴ ഈടാക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം. സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണ്. ഇക്കാര്യം ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വ്യപകമായാണ് മോട്ടോർ വകുപ്പ് പരിശോധനയെ കുറിച്ച് സന്ദേശങ്ങൾ പരന്നത്.

സംഭവത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് അന്വേഷണം.കോം നടത്തിയ അന്വേഷണത്തിൽ മോട്ടോർ വകുപ്പ് വെളിപ്പെടുത്തിയ വിവരങ്ങൾ

വ്യാജ പ്രചാരണം

വാഹനത്തിൽ കുട്ടികളുടെയോ ദൈവങ്ങളുടെയോ മറ്റോ പേര് എഴുതാൻ പാടില്ല

സത്യം

വാഹനത്തിൽ കുട്ടികളുടെയോ വീട്ടുകാരുടെ മുഴവനുമോ ദൈവത്തിന്റെയോ പേരെഴുതാം.

വ്യാജ പ്രചാരണം

വാഹനങ്ങളിൽ ദൈവങ്ങളുടെ ഫോട്ടോ വെക്കാൻ പാടില്ല

സത്യം

ആരുടെ ഫോട്ടോയും വെക്കാം. ഒരു പ്രശ്‌നവുമില്ല

വ്യാജ പ്രചാരണം

അലോയ് വീൽ ഉപയോഗിക്കരുത്

സത്യം

അലോയ് വീൽ ഇടാം. എന്നാൽ വാഹന നിർമ്മാതാക്കൾ നിശ്ചയിച്ച അളവിൽ മാത്രം.

വ്യാജ പ്രചാരണം

അലോയ് വീൽ നിർദേശിച്ചതിന് പുറത്തേക്ക് നിന്നാൽ ഇഞ്ച് കണക്കിന് പിഴ ഈടാക്കും

സത്യം

കമ്പനി നിർദേശത്തിന് പുറത്തേക്ക് നിന്നാൽ ഈടാക്കുക ഏകീകൃത പിഴയായ 5000 രൂപ. ഇഞ്ച് അളന്ന് പിഴയില്ല

വ്യാജ പ്രചാരണം

ഒരു സ്റ്റിക്കറും വാഹനത്തിൽ ഒട്ടിക്കാൻ പാടില്ല

സത്യം

വാഹനത്തിൽ സ്റ്റിക്കർ ഒട്ടിക്കാം. എന്നാൽ വാഹനത്തിന്റെ മുഴുവൻ നിറവും മാറ്റുന്ന രീതിയിൽ പാടില്ല. ബോണറ്റ് മാത്രമായോ, വാഹനത്തിന്റെ മുകൾ ഭാഗത്തോ ഒട്ടിക്കുന്നതിൽ തടസമില്ല

വ്യാജ പ്രചാരണം

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ, ഡോക്ടർ, മാധ്യമപ്രവർത്തകൻ എന്നിവ പോലുള്ള സ്റ്റിക്കർ ഒന്നും ഒട്ടിക്കാൻ പാടില്ല. മോട്ടോർ വകുപ്പ് നമ്മളെ കൊണ്ട് തന്നെ അത് കളയിക്കുകയും പിഴ ഈടാക്കുകയും ചെയ്യും

സത്യം

ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് യാതൊരു തടസവുമില്ല. പരസ്യങ്ങൾ ഒട്ടിക്കാൻ പാടില്ല എന്ന് മാത്രമാണ് നിർദേശം. പരസ്യം ചെയ്യുന്നതിന് അനുമതി വേണം

വ്യാജ പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസ് പ്രവർത്തകന്റെ വാഹനത്തിലെ ചാനലിന്റെ സ്റ്റിക്കറുകൾ എടുപ്പിച്ചു.

സത്യം

ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല

വ്യാജ പ്രചാരണം

മോട്ടോർ വകുപ്പ് അടുത്ത രണ്ട് മാസത്തേക്ക് കർശന നടപടി തുടരും

സത്യം

ഇങ്ങനെ ഒരു പ്രത്യേക ദൗത്യം ഇല്ല. പതിവ് പരിശോധനകൾ മാത്രമാണ് നടക്കുക

വ്യാജ പ്രചാരണം

പിഴ പിരിച്ചെടുക്കുന്ന പണത്തിന്റെ 70 ശതമാനം സർക്കാരിനും ബാക്കി ജീവനക്കാർക്കും. ശമ്പളം കൂട്ടി നൽകാൻ ചോദിച്ചിട്ട് അതിന് സർക്കാരിന് സാധിക്കാത്തതിനാൽ ആണ് ഇങ്ങനെ പണം പങ്കിടുന്നത്.

സത്യം

പൂർണമായും തെറ്റായ വാർത്ത. പിഴ പിരിക്കുന്ന പണം സർക്കാരിലേക്ക് മാത്രം. ശമ്പളം ഒരു വകുപ്പിന്റേത് മാത്രമായി കൂട്ടി നൽകാൻ സാധിക്കില്ല. അതിനായി മോട്ടോർ വഹുനാ വകുപ്പ് ആവശ്യവും ഉന്നയിച്ചട്ടില്ല.

ഇനിയും ധാരാളം വാർത്തകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഇവയിൽ മിക്കതും തെറ്റായ വാർത്തകളാണ്. പൂർണമായും ഉറപ്പില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടി എടുക്കാൻ സാധിക്കും (ഇത് വ്യാജമല്ല).

Related Stories

Anweshanam
www.anweshanam.com