കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരായ പരാതി അന്വേഷിക്കാന്‍ വിദഗ്ധ സമിതി

ചികിത്സ നല്‍കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് ഡി.എം.ഇ തളളിയിരുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരായ പരാതി അന്വേഷിക്കാന്‍ വിദഗ്ധ സമിതി

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗി മരിച്ചെന്ന പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. പരാതിയില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു. ചികിത്സ നല്‍കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് ഡി.എം.ഇ തളളിയിരുന്നു. പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

കോവിഡ് ചികിത്സ പിഴവ് മൂലമാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ച് ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചതെന്ന നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തലിന്റെ പിന്നാലെ ആശുപത്രിക്കെതിരെ കൂടുതല്‍ പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

പുറത്ത് നിന്നുള്ള വിദഗ്ധ സമിതിയായിരിക്കും അന്വേഷണം നടത്തുക. ഹാരിസിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കളമശ്ശേരി പൊലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ഡോക്ടർമാരുടെ ലിസ്റ്റ് കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. രോഗി മരിച്ച സംഭവത്തില്‍ വീഴ്ച വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തളളി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി.എം.ഇ നിര്‍ദേശിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com