ബാബരി മസ്‌ജിദ്‌: വെടിവെക്കാൻ ഉത്തരവിടാതിരുന്നതിൽ അഭിമാനിക്കുന്നുവെന്ന് കല്യാൺ സിങ്

അവിടെ ഒരു കർസേവകൻ്റെ പോലും ജീവൻ നഷ്ടപ്പെടുത്തിയില്ലെന്നതിൽ അഭിമാനമുണ്ട് - കല്യാൺ സിങ് പറഞ്ഞു.
ബാബരി മസ്‌ജിദ്‌: വെടിവെക്കാൻ ഉത്തരവിടാതിരുന്നതിൽ അഭിമാനിക്കുന്നുവെന്ന് കല്യാൺ സിങ്

ലക്‌നോ: ബാബരി മസ്ജിദിൽ തടിച്ചുചുകൂടിയ കർസേവകർക്കെതിരെ വെടിവയ്ക്കാനുത്തരവ് നൽകാതിരുന്നതിൽ ഇപ്പോൾ അഭിമാനം തോന്നുന്നുവെന്ന് മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ്. 1992 ൽ ബാബരി മസ്‌ജിദ് തകർക്കപ്പെടുമ്പോൾ യുപി മുഖ്യമന്ത്രിയായിരുന്നു കല്യാൺ സിങ്. മസ്‌ജിദിൽ തടിച്ചുകൂടിയ കർസേവർക്കെതിരെ പോലിസ് വെടിവെയ്പ് അരുതെന്ന് ഉത്തരവിട്ടിരുന്നു.

മസ്‌ജിദിൽ കർസേവകർ തടിച്ചുകൂടിയ വേളയിൽ തന്നെ അവരെ നേരിടാൻ കേന്ദ്ര സേനയുടെ നാല് ബറ്റാലിയൻ സാകേത് കോളേജിനു സമീപത്തുണ്ടെന്ന് അയോദ്ധ്യ ജില്ലാ ഭരണകൂടം തന്നെ ധരിപ്പിച്ചിരുന്നു. പക്ഷേ തടിച്ചുകൂടിയ മൂന്നു ലക്ഷത്തിലധികം കർസേവർക്കെതിരെ വെടിയുതിർക്കരുത്. പകരം അവരെ നിയന്ത്രിയ്ക്കാൻ മറ്റ് തന്ത്രങ്ങൾ ഉപയോഗിക്കുകയെന്ന് രേഖാമൂലം ഭരണകൂടത്തെ അറിയിക്കുകയായിരുന്നു. വെടിവെപ്പുണ്ടായാൽ ഒട്ടനവധി ജീവനുകൾ നഷ്ടപ്പെടുമെന്നറിയാമായിരുന്നു - കല്യാൺ സിങ് എഎൻഐയോട് പറഞ്ഞു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് കർസേവകർ. അവർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടാലത് രാജ്യവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായി തീരുമെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് വെടിവെപ്പരുതെന്ന നിർദ്ദേശം നൽകിയത്. അവിടെ ഒരു കർസേവകൻ്റെ പോലും ജീവൻ നഷ്ടപ്പെടുത്തിയില്ലെന്നതിൽ അഭിമാനമുണ്ട് - കല്യാൺ സിങ് പറഞ്ഞു.

സംസ്ഥാന സർക്കാർ നീതിക്കൊപ്പും നിലകൊണ്ടുവന്നതിൽ സംതൃപ്തി തോന്നുന്നു. ഖേദമേയില്ല. താനൊരു തികഞ്ഞ രാമഭക്തൻ കൂടിയാണ് - അദ്ദേഹം കൂട്ടി ചേർത്തു. രാമക്ഷേത്ര നിർമ്മാണം യാഥാർത്ഥ്യവൽക്കരിക്കപ്പെടുകയാണ്. നീണ്ട അഞ്ചു നൂറ്റാണ്ട് പോരാട്ടത്തിൻ്റെ ഗുണഫലമാണിത്. ക്ഷേത്രത്തിൻ്റെ ഭൂമി പൂജ ആഗസ്ത് അഞ്ചിന് പ്രധാന മന്ത്രി നിർവ്വഹിക്കുമെന്നും കല്യാൺ സിങ് പറഞ്ഞു. .

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഒട്ടേറെ ബിജെപി നേതാക്കളും ബിജെപി മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ക്ഷേത്ര നിർമ്മാണ കമ്മിറ്റി പറയുന്നത്. 2019 നവംമ്പറിലെ സുപ്രീം കോടതി ഉത്തരവാണ് പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്ര നിർമ്മാണത്തിന് വഴിയൊരുക്കിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com