കാലഹരണപ്പെട്ട ജി-7നിലേക്കില്ലെന്ന് റഷ്യ
Top News

കാലഹരണപ്പെട്ട ജി-7നിലേക്കില്ലെന്ന് റഷ്യ

ഒരേ നദിയിലേക്ക് രണ്ടുതവണ കാലെടുത്തു വയ്ക്കാൻ കഴിയില്ലെന്ന് മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്

By News Desk

Published on :

മോസ്കോ: രാജ്യാന്തര രാഷ്ട്രീയ രംഗം വിചിത്രമായ നയതന്ത്ര സമരത്തിലാണ്. ജി - 7 വീണ്ടും ജി - 8 ആക്കണോയെന്നതിലൂന്നിയാണിത്. പാശ്ചാത്യ രാജ്യങ്ങളാണ് ഈ ദിശയിലുള്ള നയതന്ത്ര ചർച്ചകളിൽ വ്യാപരിക്കുന്നത്. പക്ഷേ റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നത് ഇനിയൊരു മടക്കത്തിന് താൽപ്പര്യമില്ലെന്നാണ്. ഈ താല്പര്യമില്ലായ്മയെ പടിഞ്ഞാറൻ ശക്തികൾ അവഗണിക്കുകയുമാണെന്ന് റഷ്യൻ ടിവി റിപ്പോർട്ട് ചെയ്തു.

1997ലാണ് ഔദ്യോഗികമായി റഷ്യ ജി-7 ഗ്രൂപ്പിലംഗമായത്. ജി-8 ആയി മാറിയതിനുശേഷമുള്ള ആദ്യ യോഗം റഷ്യയിൽ നടന്നു. 2014ൽ ക്രിമിയൻ അധിനിവേശത്തോടെയാകട്ടെ റഷ്യ പുറത്താക്കപ്പെട്ടു.

ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥാ ക്ലബ്ബിൽ ചൈന അംഗമല്ലാത്തത് രാജകുമാരനില്ലാത്ത കൊച്ചുപട്ടണം പോലെയാണെന്നാണ് റഷ്യൻ നിലപാട്. ഇന്ത്യയടക്കമുള്ള ശക്തികളെക്കൂടി ഉൾപ്പെടുത്തണമെന്നും മോസ്കോ അഭിപ്രായപ്പെട്ടിരുന്നു. ഇത് പക്ഷേ വാഷിംഗ്ടണോ ലണ്ടനോ ബെർലിനോ ശ്രദ്ധിക്കുന്നില്ല.

ചൈന, ഇന്ത്യ തുടങ്ങിയവയ്ക്ക് ജി സംഘത്തിൽ അംഗത്വമാകട്ടെ, ശേഷം മതി റഷ്യയുടെ പുന:പ്രവേശമെന്ന നിലപാടിലാണ് മുൻ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദിമിത്രി മെദ്‌വദേവ്. ക്രിമിയൻ അധിനിവേശം മെദ് വദേവ് ഭരണ വേളയിലായിരുന്നു. 2014 മാർച്ച് 18ന്. ഈ വേളയിൽ നാല് ഉച്ചകോടികളിൽ റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചത് മെദ്‌വദേവാണ്

2014 ൽ മോസ്കോയെ ഒഴിവാക്കിയതിനുശേഷം ലോകമേറെ മാറി. ചൈനയെയോ ഇന്ത്യയെയോ ജിയിലുൾപ്പെടുത്താതെയുള്ള ചർച്ചയിൽ കഴമ്പില്ലെന്നുമാണ് റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ കൂടിയായ മെദ്‌വദേവിൻ്റെ അഭിപ്രായം.

ജി -7 ന്റെ പ്രസക്തി സംശയാസ്പദമാണ്, പ്രത്യേകിച്ചും ജി-20യടക്കമുള്ള അന്താരാഷ്ട്ര ചട്ടക്കൂടുകളുടെ നിലനിൽപ്പ് കണക്കിലെടുക്കുമ്പോൾ. കാലഹരണപ്പെട്ട പ്ലാറ്റ്ഫോം പുന:സ്ഥാപിക്കപ്പെടേണ്ട അനിവാര്യതയില്ല. എന്നിട്ടും ജി - 8 പുന:പ്രവേശ വ്യവസ്ഥകളിൽ റഷ്യയുടെ ക്രിമിയൻ - ഉക്രെയ്ൻ ഭിന്നതകൾ പടിഞ്ഞാറൻ രാഷ്ട്രങ്ങള്‍ കൂട്ടി കെട്ടുകയാണ്. ജി-7 നിലേക്ക് റഷ്യ തിരികെ വരണമെന്ന പടിഞ്ഞാറൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മെദ്‌വദേവ്. ഒരേ നദിയിലേക്ക് രണ്ടുതവണ കാലെടുത്തു വയ്ക്കാൻ കഴിയില്ല - മുൻ റഷ്യൻ പ്രസിഡന്റ് പറഞ്ഞു.

Anweshanam
www.anweshanam.com