ഇപി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Top News

ഇപി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ നിന്ന് ഇഡി വിവരങ്ങള്‍ തേടി.

News Desk

News Desk

കണ്ണൂര്‍: മന്ത്രി ഇപി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ നിന്ന് ഇഡി വിവരങ്ങള്‍ തേടി. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്ന ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര പ്രോട്ടോക്കോള്‍ ലംഘിച്ച് ബാങ്ക് സന്ദര്‍ശിച്ചത് വിവാദമായിരുന്നു.

ക്വാറന്റീന്‍ കാലവധി അവസാനിക്കുന്നതിന് മുന്‍പാണ് ഇന്ദിര കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലെത്തിയത്. ബാങ്കിലെ മാനേജര്‍ കൂടിയായ ഇവര്‍ ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ബാങ്കിലെത്തിയതെന്നാണ് സൂചന. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഇഡിയുടെ തീരുമാനം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചും ലോക്കര്‍ തുടങ്ങിയതും അവസാനമായി തുറന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ഇഡി അന്വേഷിക്കും.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇപി ജയരാജന്റെ മകന്‍ കൈപ്പറ്റിയന്ന ആരോപണതിനിടെ മന്ത്രിയുടെ ഭാര്യയുടെ ലോക്കര്‍ തുറക്കല്‍ വിവാദമായിട്ടുണ്ട്. കഴിഞ്ഞ പത്താം തീയതി നടത്തിയ പരിശോധനയിലാണ് ഇപി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതനായ ധനമന്ത്രി തോമസ് ഐസക്കിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയും ഭാര്യയും നിരീക്ഷണത്തില്‍ പോയത്.

Anweshanam
www.anweshanam.com