എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് നടക്കും

343 കേന്ദ്രങ്ങളിലായി രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും 2.30 മുതല്‍ വൈകിട്ട് 5 വരെയും നടക്കുന്ന പരീക്ഷയില്‍ 1,10,250 പേരാണ് പരീക്ഷ എഴുതുന്നത്.
എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് നടക്കും

തിരുവനന്തപുരം: എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് നടക്കും. 343 കേന്ദ്രങ്ങളിലായി രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും 2.30 മുതല്‍ വൈകിട്ട് 5 വരെയും നടക്കുന്ന പരീക്ഷയില്‍ 1,10,250 പേരാണ് പരീക്ഷ എഴുതുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലോടെയാണ് പരീക്ഷകള്‍ നടത്തുക. ആലപ്പുഴ ജില്ലയില്‍ കോവിഡ് പൊസിറ്റീവായ രണ്ട് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക അനുമതിയോടെ പരീക്ഷ എഴുതും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നെങ്കിലും തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. രാവിലെ 9.30 ന് കുട്ടികള്‍ പരീക്ഷാ ഹാളിലെത്തണം. മാസ്‌ക് ധരിച്ചുവേണം എത്തേണ്ടത്. തെര്‍മല്‍ സ്‌കാനിംഗ് നടത്തിയശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ ഹാളിലേക്ക് കടത്തിവിടുക. സാനിറ്റൈസറും നല്‍കും. അദ്ധ്യാപകരടക്കം 20,000 പേരെയാണ് പരീക്ഷാ നടത്തിപ്പിന് വേണ്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന് പുറമേ ഗള്‍ഫിലും മുംബൈയിലും ഫരീദാബാദിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം പൂന്തുറയിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. പരീക്ഷയ്ക്കായി പോകുന്ന വാഹനങ്ങള്‍ തടയരുതെന്ന് പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com