ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും

അറസ്റ്റ് 6 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍.
ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വാങ്ങും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ഇന്നലെ രാത്രി പത്തു മണിക്ക് ശിവശങ്കറെ ഇഡി അറസ്റ്റു ചെയ്തത്.

ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം ശിവശങ്കറെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണ് എന്ന കാര്യത്തില്‍ ഒരു ഘട്ടത്തില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചന നടക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ശിവശങ്കറെ കസ്റ്റഡിയിലെടുത്ത ഇഡി തന്നെ അറസ്റ്റ് തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചാണ് ഇഡി ഇന്നലെ ശിവശങ്കറെ ചോദ്യം ചെയ്തത്. കസ്റ്റംസിന്‍റെ കേസ് വിദേശത്തേക്ക് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്തിയതും. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടതോടെ അറസ്റ്റ് ചെയ്യാന്‍ തീരുമാനമായി. അറസ്റ്റിനായി കസ്റ്റംസും വാദം ഉന്നയിച്ചു. പിന്നീട് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ നടന്നു. ഒടുവില്‍ ഒമ്പതരയോടെ ഇഡി തന്നെ അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിച്ചു.

പത്ത് മണിയോടെ അറസ്റ്റ് മെമ്മോ തയ്യാറായി. ശിവശങ്കറുടെ ഒപ്പും വാങ്ങി. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യപ്രശ്നങ്ങളിലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്കിയതോടെ തിരികെ വീണ്ടും ഇഡി ഓഫീസിലേക്ക് കൊണ്ടു പോവുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com