അജിത് പവ്വാറിനെതിരെ ഇഡി അന്വേഷണം
കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം
അജിത് പവ്വാറിനെതിരെ ഇഡി അന്വേഷണം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവ്വാറിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയക്ടട്രേറ്റ് (ഇഡി ) അന്വേഷണം. കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

വിദർഭ ജലസേചന വികസന കോർപ്പറേഷന്റെ കീഴിലുള്ള 12 പദ്ധതികളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന്‌ മഹാരാഷ്ട്ര ജലസേചന വകുപ്പിന്റെ വിവിധ കോർപ്പറേഷനുകൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണമുയർന്നിരുന്നു. ഇതാണ് അജിത് പവ്വാറിനെതിരെയുള്ള ഇഡിയുടെ അന്വേഷണത്തിന് ആധാരം.

അണക്കെട്ട് പദ്ധതികൾ, പുതുക്കിയ ഭരണാനുമതികൾ , വിദർഭ ജലസേചന വികസന കോർപ്പറേഷൻ, കൃഷ്ണ വാലി ജലസേചന പദ്ധതി, കൊങ്കൺ ഇറിഗേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കരാറുകാർക്ക് നൽകിയ ബിൽ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 1999 ലെയും 2009 ലെയും ഫയലുകൾ ആവശ്യപ്പെട്ടിരിക്കുകയാണ് ഇഡി.

2012 ലാണ് ജലസേചന വകുപ്പിലെ ക്രമക്കേടുകൾ പുറത്തുവന്നത്. 1999 ലും 2009 ലും അജിത് പവ്വാർ ജലവിഭവ മന്ത്രിയായിരുന്നു. അതിനാലാണ് ഇഡി അന്വേഷണം ഉപമുഖ്യമന്ത്രി അജിത് പവാറിലെത്തിയത്.

ബിജെപിയുടെ ദേവന്ദ്ര ഫഡ്നവിസ് മന്ത്രിസഭാ രൂപീകരണത്തിന് അജിത് പവ്വാർ പിന്തുണ നൽകിയിരുന്നു. അതിനു പ്രത്യുപകാരമായി കഴിഞ്ഞ വർഷം ഡിസംബറിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കേസിൽ ഉപമുഖ്യ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ രാഷ് ട്രീയ നാടകങ്ങൾക്കൊടുവിൽ അജിത് പവ്വാർ ഫഡ്നവിസ് മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചതോടെ മന്ത്രി സഭക്ക് അധികാരമൊഴിയേണ്ടിവന്നു.

അജിത് പവ്വാറാകട്ടെ ശരദ് പവ്വാർ പക്ഷത്തെത്തി. അതോടെ ശിവസേന സഖ്യത്തിൽ ഉദ്ധവ് താക്കറെ മുഖ്യ മന്ത്രിയായുള്ള സർക്കാർ നിലവിൽ വന്നു. അമ്മാവൻ ശരദ് പവ്വാറിലൂടെ അജിത് പവ്വാർ താക്കറെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയുമായി. ഒരിക്കൽ ക്ലിൻ ചിറ്റ് നൽകപ്പെട്ട കേസിലാണ് ഇപ്പോൾ അജിത് പവ്വാറിനെതിരെ അന്വേഷണവുമായി ഇഡി ഇറങ്ങിതിരിച്ചിട്ടുള്ളത്.

അഴിമതി കേസുകളിൽ നിന്നു തങ്ങൾ രക്ഷപ്പെടുത്തിയ അജിത് പവ്വാറിനെ തങ്ങൾക്ക് തന്നെ വീണ്ടും കുടുക്കാനറിയുമെന്ന് തെളിയിക്കുകയാണ് ഇപ്പോഴത്തെ ഇഡി അന്വേഷണത്തിലൂടെ ബിജെപി.

Related Stories

Anweshanam
www.anweshanam.com