
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടർച്ചയായി 13 മണിക്കൂർ ആണ് സി എം രവീന്ദ്രനേ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഇന്നലെയും സി എം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
സി എം രവീന്ദ്രന്റെ വിദേശയാത്രകള്‍, സ്വര്‍ണക്കടത്തിലും ബിനാമി ഇടപെടലുകളിലും അദ്ദേഹത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. വിദേശയാത്രകളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെള്ളിയാഴ്ച അത്തരത്തിലുള്ള രേഖകളൊന്നും രവീന്ദ്രന് ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയില്ല.
നാളെ ചോദ്യം ചെയ്യൽ ഇല്ല. മൊഴികൾ വിലയിരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് സി എം രവീന്ദ്രൻ ഇഡിയ്ക്ക് ഇന്നലെ മൊഴി നൽകിയത്. ഔദ്യോഗിക നിലയിലല്ലാതെ ശിവശങ്കറിന്റെ മറ്റ് ഇടപാടുകൾ സംബന്ധിച്ച് തനിക്ക് അറിവില്ലന്നായിരുന്നു രവീന്ദ്രന്റെ മറുപടി. ലൈഫ് മിഷൻ, കെ ഫോൺ അടക്കമുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഇഡി സിഎം രവീന്ദ്രനിൽ നിന്ന് തേടുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സമയം ഇടവേളകള്‍ നല്‍കിയാണ് രവീന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്തത് എന്നാണ് ഇ.ഡി. വൃത്തങ്ങള്‍ അറിയിച്ചത്. ഇഡി ചോദ്യം ചെയ്യുമ്പോള്‍ അതിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സി എം രവീന്ദ്രന് നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.