സ്വർണ്ണക്കടത്ത് കേസ്: മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
Top News

സ്വർണ്ണക്കടത്ത് കേസ്: മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മേധാവിയാണ് കെടി ജലീലിൻ്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്

News Desk

News Desk

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് സംഘം മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മേധാവിയാണ് കെടി ജലീലിൻ്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് കെടി ജലീൽ ആലുവയിൽ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരിൽ കണ്ടത്. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലാണ് നടന്നത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം ഇഡിയുടെ ഓഫീസിലെത്തിയത്.

ഉച്ചയോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി മന്ത്രി മലപ്പുറത്തേക്ക് പോയി. മന്ത്രിയിൽനിന്നും പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ചെന്നും ലഭിച്ച വിവരങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ഇനിയും വിളിച്ചു വരുത്തുമെന്നും ഇഡി അധികൃതർ പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടയിലാണ് മതഗ്രന്ഥങ്ങളും റമസാൻ കിറ്റുകളും വിതരണം ചെയ്തത് പുറത്തുവന്നതും വിവാദമായതും. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയത്തിൽനിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങൾ സ്വീകരിക്കരുതെന്നാണ് ചട്ടം. സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ, ഇഡി സംഘങ്ങൾ മതഗ്രന്ഥങ്ങൾ എത്തിച്ച നയതന്ത്ര പാഴ്സലിനെക്കുറിച്ച് അന്വേഷിക്കുകയാണ്.

മതഗ്രന്ഥങ്ങള്‍ എല്ലാ വര്‍ഷവും യു.എ.ഇ. എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനോടനുബന്ധിച്ച് വിതരണം ചെയ്യാറുള്ളതാണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. വിതരണം ചെയ്യരുതെന്നാണ് കേന്ദ്ര നിലപാടെങ്കില്‍ അവ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറാണെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com