കെടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ്
Top News

കെടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ്

സ്വര്‍ണക്കടത്തുമായി ബന്ധമില്ല.

News Desk

News Desk

കൊച്ചി: മന്ത്രി കെടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തതെന്നും സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്നുമാണ് ഇഡി അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇഡി അറിയിച്ചു.

ഇഡി ആവശ്യപ്പെട്ടതുപ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളും ജലീല്‍ ഹാജരാക്കിയിരുന്നു. ഈ രേഖങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായോ സ്വത്ത് കൈവശം വെച്ചതായോ കണ്ടെത്താനായിട്ടില്ലെന്നും ഇഡി അറിയിച്ചു.

ഖുറാന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്തതോടെ സംശയം ദൂരീകരിക്കപ്പെട്ടു. ഖുറാനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നുമാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കെടി ജലീലിനെതിരെ ചില പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത് എന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനെ സാധൂകരിക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ ഇഡിയും നടത്തിയത്. ജലീലിനെതിരെ സ്വര്‍ണക്കടത്ത് കേസിലല്ല അന്വേഷണമെന്ന് നേരത്തെ തന്നെ സിപിഐഎം കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു.

Anweshanam
www.anweshanam.com