സൗജന്യ കോവിഡ് വാക്‌സിന്‍ പ്രഖ്യാപനം; മുഖ്യമന്ത്രിയോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫ്, ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു
സൗജന്യ കോവിഡ് വാക്‌സിന്‍ പ്രഖ്യാപനം; മുഖ്യമന്ത്രിയോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണം തേടി. കോവിഡ് വാക്‌സിന്‍ കേരളത്തില്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് വിശദീകരണം തേടിയത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫ്, ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു. മൂന്നാംഘട്ട പ്രചരണം അവസാനിക്കുന്നതിന് മിനുട്ടുകള്‍ മുന്‍പായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

മുഖ്യമന്ത്രിയുടെ വിശദീകരണം കിട്ടാതെ ഇതിൽ നടപടിയെടുക്കാൻ കഴിയില്ല. അതിനാൽ വിശദീകരണം തേടി കത്ത് നൽകിയെന്നും മറുപടി കിട്ടിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു.

മറുപടി നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് സമയപരിധി വെച്ചിട്ടില്ല. എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മിഷന് തോന്നുന്നുവെങ്കില്‍, ചട്ടലംഘനത്തിന് സ്വീകരിക്കേണ്ട നടപടികളിലേക്ക് കമ്മിഷന്‍ കടക്കും. താക്കീത് അല്ലെങ്കില്‍ കടുത്ത നടപടികളും സ്വീകരിച്ചേക്കാം.

മന്ത്രി എ സി മൊയ്ദീൻ നേരത്തേ വോട്ട് ചെയ്തെന്ന പരാതിയിൽ തൽക്കാലം നടപടിയുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. 7 മണിക്കാണ് വോട്ട് ചെയ്തതെന്നാണ് കളക്ടറുടെ റിപ്പോർട്ട്. മറിച്ച് തീരുമാനമെടുക്കാനുള്ള മറ്റൊന്നും മുന്നിലില്ല. അതിനാൽ നടപടിയുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ടെടുപ്പിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ആരിൽ നിന്നും കാശ് ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം വിഷയം ഏറ്റുപിടിച്ചത്. രാജ്യത്ത് കേരളത്തിൽ മാത്രമാണ് കോവിഡിന് ചികിത്സ സൗജന്യമായി നൽകുന്നത്. അതുപോലെ തന്നെ പ്രതിരോധ നടപടിക്കും പണം ഈടാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com