ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും ഇ.ഡി ചോദ്യം ചെയ്യും

അനൂപിന്റെ അക്കൗണ്ടിൽ പണം അയച്ചത് ബിനീഷിന്റെ ഡ്രൈവർ
ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും ഇ.ഡി ചോദ്യം ചെയ്യും

ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ഡ്രൈവറായ അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ ബിനീഷിന്റെ അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചു.

ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിലേക്കാണ് പണം അയച്ചിരിക്കുന്നത്. ഇതിന്റെ ഉറവിടം വ്യക്തമല്ലെന്നും തുടര്‍ അന്വേഷണത്തിനായി അനി കുട്ടനെ ചോദ്യം ചെയ്യണമെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു.

ഈ പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബിനീഷ് വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷുമായി വലിയ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയ മറ്റൊരാളാണ് അരുണ്‍ എസ്. ഇയാള്‍ ബിനീഷിന്റെ അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ബിനീഷിന് ജാമ്യം അനുവദിച്ചാല്‍ സാമ്ബത്തിക ഇടപാടുകാരെ സ്വാധീനിക്കാനും ,രാജ്യം വിടാനും സാദ്ധ്യതയുണ്ടെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.

കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്നും കോടതി നടപടികള്‍ അടച്ചിട്ട മുറിക്കുള്ളില്‍ വേണമെന്നും ബിനീഷിന്റെ അഭിഭാഷകൻ അരവിന്ദ് കമ്മത്ത് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. തുടര്‍ന്നാണു 25 വരെ റിമാന്‍ഡു ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചത്.

ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ നവംബര്‍ 18 നു കോടതി വാദം കേള്‍ക്കും.

Related Stories

Anweshanam
www.anweshanam.com