എം ശിവശങ്കറിനെതിരെ നിര്‍ണായക പരാമര്‍ശങ്ങളുമായി ഇഡിയുടെ കുറ്റപത്രം

ഇന്നലെയാണ് കൊച്ചിയിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചുള്ള ചില വാട്സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു
എം ശിവശങ്കറിനെതിരെ നിര്‍ണായക പരാമര്‍ശങ്ങളുമായി ഇഡിയുടെ കുറ്റപത്രം

കൊച്ചി: എം ശിവശങ്കറിനെതിരെ നിര്‍ണായകപരാമര്‍ശങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രാഥമിക കുറ്റപത്രമാണ് കോടതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമര്‍പ്പിച്ചത്.

ഇന്നലെയാണ് കൊച്ചിയിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചുള്ള ചില വാട്സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന പ്രഭാസുരേഷിന്‍റെ ബാങ്ക് ലോക്കര്‍ തുറക്കാന്‍ സഹായിച്ചത് എം ശിവശങ്കറാണെന്ന് നേരത്തേ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കിയിരുന്നു.

ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണ് ലോക്കര്‍ തുറന്നുകൊടുത്തതും മറ്റ് സഹായങ്ങള്‍ നല്‍കിയതും. ഇത് സംബന്ധിച്ച്‌ ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളില്‍ ഇനിയും വ്യക്തതയില്ലെന്നാണ് ഇഡി കുറ്റപത്രം പറയുന്നത്.

പണം കൈമാറുന്നതിനെക്കുറിച്ച്‌ സന്ദേശങ്ങളില്‍ പറയുന്നുണ്ട്. ചില അക്കങ്ങള്‍ 35, 1.5 എന്നിങ്ങനെയെല്ലാം ഈ ചാറ്റില്‍ പറയുന്നുണ്ട്. സാറ എന്ന വ്യക്തിയെക്കുറിച്ച്‌ പറയുന്നുണ്ട്. മുറിയില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എന്നെ വിളിക്കണം, ചില കാര്യങ്ങള്‍ പറയാനുണ്ട് എന്ന് ഈ ചാറ്റില്‍ പരാമര്‍ശിക്കുന്നു. പണം കൈമാറുന്നതിനെക്കുറിച്ചാണ് ഈ പരാമര്‍ശങ്ങളെല്ലാം എന്ന് വ്യക്തമായിട്ടുണ്ട്.

എന്നാല്‍ ഇതേക്കുറിച്ച്‌ ചോദ്യം ചെയ്യലില്‍ വിശദമായി ചോദിച്ചപ്പോള്‍, ശിവശങ്കര്‍ മൗനം പാലിക്കുകയായിരുന്നു. കൃത്യമായി മറുപടി നല്‍കാനും തയ്യാറായില്ല. ഡിജിറ്റല്‍ തെളിവുകള്‍ വിലയിരുത്തി ഇക്കാര്യങ്ങള്‍ പരിശോധിക്കും. അതിന് ശേഷം വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് കുറ്റപത്രത്തില്‍ പറയുന്നു.

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ പ്രതികളാക്കിയാണ് ഇഡി പ്രാഥമിക കുറ്റപത്രം നല്‍കിയിരിക്കുന്നത്. എം ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവരെ പ്രതികളായി ചേര്‍ത്തിട്ടില്ല. എന്നാല്‍ ഇനിയും കൂടുതല്‍ പരിശോധനകള്‍ വേണ്ടതാണെന്ന് ഇഡി കോടതിയില്‍ പറയുന്നതോടെ, ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ പ്രതികളെ ചേര്‍ക്കാനുള്ള സാധ്യതയും തെളിയുന്നു.

Related Stories

Anweshanam
www.anweshanam.com