ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ മരണം 78 ആയി; 4000 പേര്‍ക്ക് പരിക്കേറ്റു,നടന്നത് ആക്രമണമെന്ന് ട്രംപ്
Top News

ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ മരണം 78 ആയി; 4000 പേര്‍ക്ക് പരിക്കേറ്റു,നടന്നത് ആക്രമണമെന്ന് ട്രംപ്

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ മരണം 78 ആയി. നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു.

News Desk

News Desk

ബെയ്റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ മരണം 78 ആയി. നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ബെയ്റൂട്ട് നഗരത്തിലെ തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് സര്‍ക്കാര്‍ പറയുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടന ശബ്ദം 240 കിലോമീറ്റര്‍ ദൂരെ വരെ കേട്ടു. സ്‌ഫോടനാഘാതത്തില്‍ കാറുകള്‍ മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തില്‍ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇതേ തുടര്‍ന്ന് ബെയ്‌റൂട്ടില്‍ വലിയ നാശനഷ്ട്ടമാണുണ്ടായിരിക്കുന്നത്. 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ലെബനന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ബെയ്‌റൂട്ടില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമൂഹം സഹായ വാഗ്ദാനവുമായി രംഗത്തെത്തി.

ബെയ്റൂട്ടിനെ പിടിച്ചുകുലുക്കിയ വലിയ സ്ഫോടനം ഭയാനകമായ ആക്രമണമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. 'ഞങ്ങള്‍ക്ക് ലെബനന്‍ ജനങ്ങളുമായി നല്ല ബന്ധമുണ്ട്, സഹായിക്കാന്‍ ഞങ്ങള്‍ അവിടെ ഉണ്ടാകുമെന്നും ' ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്‌ഫോടനത്തില്‍ തുറമുഖത്ത് ഡോക്ക് ചെയ്ത കപ്പലുകളിലൊന്ന് തകരാറിലായതായും നിരവധി പേരുടെ നില ഗുരുതരമാണെന്നും ലെബനനിലെ ഐക്യരാഷ്ട്ര ഇടക്കാല സേന (യുണിഫില്‍) അറിയിച്ചു. പരിക്കേറ്റ സമാധാന സേനാംഗങ്ങളെ അടുത്തുള്ള ആശുപത്രികളിലേക്ക് എത്തിക്കുകയാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും യൂണിഫില്‍ പറഞ്ഞു. ''ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ജനങ്ങളോടും ലെബനന്‍ സര്‍ക്കാരിനോടും ഒപ്പമുണ്ട്, ഒപ്പം സഹായവും നല്‍കാന്‍ തയ്യാറാണ്,'' യൂണിഫില്‍ മിഷന്‍ മേധാവിയും ഫോഴ്സ് കമാന്‍ഡറുമായ മേജര്‍ ജനറല്‍ ഡെല്‍ കോള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Anweshanam
www.anweshanam.com