പ്രതിപക്ഷ നേതാക്കളുടെ യോഗങ്ങളില്‍ പങ്കെടുക്കരുത്; മഹാരാഷ്ട്ര സര്‍ക്കാര്‍

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി. 
പ്രതിപക്ഷ നേതാക്കളുടെ യോഗങ്ങളില്‍ പങ്കെടുക്കരുത്; മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: പ്രതിപക്ഷ നേതാക്കൾ വിളിക്കുന്ന യോഗങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി. പാർലമെന്റ് അംഗങ്ങള്‍, നിയമസഭാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം.

2016 മാർച്ച് 11 ലെ സർക്കുലർ പ്രകാരം സർക്കാർ കാര്യാലയങ്ങളുടെ ഭരണകാര്യങ്ങളില്‍ മേൽനോട്ടം വഹിക്കാനും യോഗം വിളിച്ച്, ഉത്തരവുകൾ പുറപ്പെടുവിക്കാനും മന്ത്രിമാര്‍ക്ക് മാത്രമേ അധികാരമുള്ളൂ. നിയമസഭയിലെയും നിയമസഭാ സമിതിയിലെയും പ്രതിപക്ഷ നേതാക്കള്‍ക്ക് അത്തരം അധികാരങ്ങൾ നൽകുന്നില്ല, സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

മാസത്തില്‍ ഒരു തവണ, ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ട് യോഗം ചേരാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയോജക മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളുടെ പട്ടിക തയ്യാറാക്കാനും, പൂര്‍ത്തിയാകാത്ത പ്രവര്‍ത്തനങ്ങളില്‍ ഉടനടി നടപടികള്‍ സ്വീകരിക്കാനും അതത് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തുയിട്ടുമുണ്ട്.

സര്‍ക്കാരിന്‍റെ പുതിയ നീക്കം ജനാധിപത്യവിരുദ്ധമാണെന്നാണ് മുന്‍ മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും എംഎല്‍സിയുമായ പ്രവീണ്‍ ധരേക്കറിന്‍റെ പ്രതികരണം. പ്രതിപക്ഷ നേതാക്കള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന രീതിയില്‍ താനും പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്നവിസും, കോവിഡ് വ്യാപനത്തിന്‍റെ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com