ഇന്ന് രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തും ഡോക്ടര്‍മാര്‍ പണിമുടക്കും.
ഇന്ന് രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

ന്യൂ ഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യ വ്യാപകമായി അലോപ്പതി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തും ഡോക്ടര്‍മാര്‍ പണിമുടക്കും.

അതേസമയം, അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് സമരം. ഒപി ബഹിഷ്‌കരിക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. കിടത്തി ചികിത്സയെ ബാധിക്കില്ലെങ്കിലും സ്വകാര്യ പ്രാക്ടീസ് ഉണ്ടാകില്ല.

58 തരം ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ബിരുദാനന്തര ബിരുദക്കാര്‍ക്ക് അനുമതി നല്‍കിയ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നടപടിക്കെതിരെയാണ് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം. സിസിഐഎം നടപടി പൊതുജനാരോഗ്യത്തിന് എതിരെന്നും ആധുനിക വൈദ്യത്തെ തിരിച്ച് നടത്തുന്നതെന്നും ഐഎംഎ.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അധ്യാപകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. സമരം അനാവശ്യമെന്നും ആയുര്‍വേദ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com