
തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന സമരങ്ങള്‍ ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമരക്കാര്‍ കോവിഡ് പ്രോട്ടോകോളുകള്‍ പരസ്യമായി ലംഘിക്കുന്നുവെന്നും പൊതുമുതല്‍ നശിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രോസിക്യൂഷന് നടപടികള്‍ വേണ്ടിവരും. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടും എപ്പിഡമിക് ഓര്‍ഡിനന്‍സും പ്രാകാരം ഇവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമരവുമായി ബന്ധപ്പെട്ട് 385 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. 1131 പേര് അറസ്റ്റിലായി. മാസ്ക് ധാരിക്കാതേയും സാമൂഹിക അകലം പാലിക്കാതേയുമാണ് സമരങ്ങൾ നടക്കുന്നത്. ഇത്തരം കുറ്റങ്ങൾക്ക് 1629 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ, കെഎസ് ശബരീനാഥ് എന്നീ എഎൽഎമാർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കോൺഗ്രസ്, ബിജെപി, മുസ്ലീംലീഗ്, യൂത്ത് കോണ്‍ഗ്രസ്, യുവമോർച്ച, എംഎസ്എഫ്, കെഎസ്യു എബിവിപി, മഹിളാ മോർച്ച എന്നീ സംഘടനകളുടെ പ്രവർത്തകർക്കെതിരെ എല്ലാ ജില്ലകളിലും കേസെടുത്തിട്ടുണ്ട്. ആവശ്യമായ ജാഗ്രത പാലിക്കാതെയാണ് സമരങ്ങൾ നടക്കുന്നത്. ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണ്. വലിയ കൂട്ടമായി തള്ളിക്കേറുന്നതും സംഘർഷങ്ങൾ സൃഷ്ടിക്കുന്നതും നാം കാണുകയാണ്. മാസ്കില്ലാതെ അകലം പാലിക്കാത്തെയുള്ള ഏത് പ്രവർത്തനവും നമ്മുടെ സമൂഹത്തിൽ നടത്താൻ പാടില്ല. അതെല്ലാവരും ഉൾക്കൊള്ളണം. അതോടൊപ്പം അക്രമസമരം പൂർണമായും ഒഴിവാക്കണം. ഈ ഘട്ടത്തിൽ ഇതെല്ലാം നാടിനോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.