
തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കി കൂടുതൽ പൊലീസുകാരിലേക്ക് കോവിഡ് രോഗം പടരുന്നു. തിരുവനന്തപുരത്ത് ഇന്ന് കിളിമാനൂർ സ്റ്റേഷനിലെ പൊലീസുകാർക്കും ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ഗൺമാനും പൊലീസ് ആസ്ഥാനത്തെ എസ്ഐക്കും കോവിഡ് സ്ഥിരീകരിച്ചു.
എസ്ഐയുടെ ഭാര്യക്കും മകനും രോഗബാധയുണ്ട്. കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിലാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിച്ച് സ്റ്റേഷൻ പ്രവർത്തിക്കാനാണ് നിലവിലെ തീരുമാനം. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൊലീസുകാർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അതേ സമയം തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർക്കും രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തുന്ന പരിശോധനയിലാണ് രോഗിക്ക് കോവിഡ് ബാധ കണ്ടെത്തിയത്. സെന്റിനൽ സർവയലൻസ് പരിശോധനയിലാണ് ഡോക്ടർക്ക് രോഗം കണ്ടെത്തിയത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.