മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

'രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുമ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യത്തിന് കേടുപാടുകള്‍ സംഭവിക്കുന്നു.
മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ തടങ്കല്‍ തുടരുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. 'രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുമ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യത്തിന് കേടുപാടുകള്‍ സംഭവിക്കുന്നു. മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കെ, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് (ജെകെപിസി) അധ്യക്ഷന്‍ സജാദ് ഗനി ലോണിനെ വെള്ളിയാഴ്ച വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. അതേസമയം, പൊതുസുരക്ഷാ നിയമപ്രകാരം മെഹബൂബയുടെ കാലാവധി നവംബര്‍ അഞ്ചു വരെ നീട്ടി.

2019 ഓഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. അന്ന് മെഹബൂബ മുഫ്തി, സജാദ് ഗനി, ഫറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവരടക്കമുള്ള അന്‍പതിലേറെ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.

Related Stories

Anweshanam
www.anweshanam.com