നീറ്റ്-ജെഇഇ: ഗ്രേറ്റ തുന്‍ബര്‍ഗും

കോവിഡ് മഹാമാരിയുടെ വേളയിൽ വിദ്യാർത്ഥികൾ പരീക്ഷകൾക്ക് ഹാജരാകണമെന്നത് അങ്ങേയറ്റം അന്യായം.
നീറ്റ്-ജെഇഇ: ഗ്രേറ്റ തുന്‍ബര്‍ഗും

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ നീറ്റ്-ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഗോള പരിസ്ഥിതി പ്രവർത്തക കൗമാരക്കാരി ഗ്രേറ്റ തുന്‍ബര്‍ഗും. കോവിഡ് മഹാമാരിയുടെ വേളയിൽ വിദ്യാർത്ഥികൾ പരീക്ഷകൾക്ക് ഹാജരാകണമെന്നത് അങ്ങേയറ്റം അന്യായമെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ് പറഞ്ഞു - പിടിഐ റിപ്പോർട്ട്.

നിശ്ചയിക്കപ്പെട്ട തിയ്യതികളിൽ തന്നെ രാജ്യത്ത് പ്രവേശന പരീക്ഷകൾ നടത്തുമെന്ന് ഉറച്ച നിലപാടിലാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ). കഴിഞ്ഞ ദിവസം ഇക്കാര്യം ആവര്‍ത്തിച്ചു.

കോവിഡ് സുരക്ഷ പ്രോട്ടോകോൾ പ്രകാരം പരീക്ഷകൾക്ക് ഹാജരാകുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് എൻടിഎ പറഞ്ഞതായി ട്രിബ്യൂൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനത്തിനിടയിലാണ് എൻടിഎയുടെ ഈ പ്രസ്താവന.

കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ആഗസ്ത് 26 ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സഖ്യ കക്ഷികളുമായും വെർച്ച്വൽ കൂടിക്കാഴ്ച നടത്തും. നീറ്റ് - ജെഇഇ പരീക്ഷ മാറ്റിവയ്ക്കൽ ആവശ്യവും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക്ക്, ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ തുടങ്ങിയ പ്രമുഖർ പ്രവേശന പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ഇതിനകം തന്നെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നീറ്റ് - ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ജെഇഇ (മെയിന്‍) സെപ്തംബര്‍ ഒന്നു മുതല്‍ ആറു വരെയും നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 നും നടത്തുമെന്ന് എന്‍ടിഎ തീരുമാനിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com