ലോക്നാഥ് ബെഹ്റയെ മാറ്റും ? തീരുമാനം അടുത്ത മാസത്തോടെ

ബെഹ്റയെ മാറ്റിയേക്കില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
ലോക്നാഥ് ബെഹ്റയെ മാറ്റും ? തീരുമാനം അടുത്ത മാസത്തോടെ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം അടുത്ത മാസത്തോടെ. ഡിജിപി, ചീഫ് സെക്രട്ടറി തസ്തികകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം കര്‍ശനമായി ബാധകമല്ലാത്തതിനാല്‍ ബെഹ്റയെ മാറ്റിയേക്കില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെയടക്കം വിവേചനാധികാരമായിരിക്കും ഡിജിപിയെ മാറ്റുന്ന കാര്യത്തില്‍ അന്തിമമാകുക. മൂന്ന് വര്‍ഷമോ, അതിലേറെയോ ആയി ക്രമസമാധാന ചുമതലയില്‍ ഒരേ തസ്തികയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി മാറ്റണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതോടെയാണ് സംസ്ഥാന പോലീസ് മേധാവിയായി നാല് വര്‍ഷം പിന്നിടുന്ന ഡിജിപി ലോക്‌നാഥ് ബെഹ്റയെയും മാറ്റിയേക്കുമെന്ന സൂചന ശക്തമായത്.

അടുത്ത ജൂണിലാണ് ബെഹ്‌റ വിരമിക്കുക. വിരമിക്കലിന് ആറ് മാസം മാത്രം ബാക്കി നില്‍കെ സ്ഥലം മാറ്റരുതെന്ന ചട്ടവും ബെഹ്റയ്ക്ക് അനുഗ്രഹമായേക്കും. ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിഞ്ഞാല്‍ ആര്‍.ശ്രീലേഖ, ഋഷിരാജ് സിങ്, ടോമിന്‍ തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ്‌കുമാര്‍ എന്നിവരാണ് ഡിജിപി പദവിക്കായി പരിഗണനയിലുള്ളവര്‍. എന്നാല്‍ ശ്രീലേഖ ഈ മാസം വിരമിക്കും. ഋഷിരാജ് ജൂലായില്‍ വിരമിക്കുന്നതിനാല്‍ ആറ് മാസമെങ്കിലും കാലാവധിയുള്ളവരെ പൊലീസ് മേധാവിയാകാവൂവെന്ന മാനദണ്ഡം അദേഹത്തിന് തടസമായേക്കാം.

പ്രധാനമന്ത്രിയുടെ ഉള്‍പ്പെടെ സുരക്ഷാചുമതലയുള്ള എസ്പിജി ഡയറക്ടറായി തുടരുന്ന അരുണ്‍കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങാനും സാധ്യതയില്ല. ഇതോടെ ടോമിന്‍ തച്ചങ്കരിക്കും സുദേഷ്‌കുമാറിനുമാണ് സാധ്യത കൂടുതല്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com