പ്ലാസ്മ തെറാപ്പി നൽകിയ കോവിഡ് ബാധിതരുടെ എണ്ണം ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്ന് പുറത്ത്
Top News

പ്ലാസ്മ തെറാപ്പി നൽകിയ കോവിഡ് ബാധിതരുടെ എണ്ണം ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്ന് പുറത്ത്

രോഗവ്യാപനം ശക്തമായ ജൂലൈമാസത്തിലാണ് സര്‍ക്കാര്‍ മരണങ്ങളെ കൂട്ടത്തോടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ തുടങ്ങിയത്

News Desk

News Desk

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലെത്തി പ്ലാസ്മ തെറാപ്പി നല്‍കിയവരുടെ മരണം ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്ന് പുറത്തെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച മരണമടക്കം ജുലൈയിലെ അഞ്ച് മരണങ്ങള്‍ കൂടി ഡെത്ത് ഓഡിറ്റ് കമ്മിറ്റി കോവിഡ് മരണങ്ങളുടെ ഔദ്യോഗിക പട്ടികയില്‍ നിന്നൊഴിവാക്കി. ജൂലൈയില്‍ കൂട്ടത്തോടെ ഒഴിവാക്കിയ 18 മരണങ്ങള്‍ക്ക് പുറമെയാണ് ഇതെന്ന് ഏഷ്യാനെറ്റ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

രോഗവ്യാപനം ശക്തമായ ജൂലൈമാസത്തിലാണ് സര്‍ക്കാര്‍ മരണങ്ങളെ കൂട്ടത്തോടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ തുടങ്ങിയത്. ലോകാരോഗ്യ സംഘടനാ നിര്‍ദേശ പ്രകാരമെന്നായിരുന്നു വിശദീകരണം. സര്‍ക്കാര്‍ വെബ്സൈറ്റ് പ്രകാരം പതിനെട്ട് മരണങ്ങള്‍ ജൂലൈയില്‍ മാത്രം ഒഴിവാക്കി. ഇത് പരിശോധിക്കുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോഴാകട്ടെ ഇതിനെല്ലാം പുറമെ ജൂലൈയിലെ അഞ്ച് മരണങ്ങള്‍ കൂടി പട്ടികയ്ക്ക് പുറത്തായി.

മുഖ്യമന്ത്രി പ്രഖ്യാപിച്ച മരണം വരെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി ഒഴിവാക്കിയിരിക്കുന്നു. വത്സമ്മ, ജൂല 12ന് നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂരിലെ ആയിഷ ഹജ്ജുമ്മ, ഇവര്‍ അര്‍ബുദ രോഗിയായിരുന്നു. ആലപ്പുഴ ചുനക്കര സ്വദേശി നസീര്‍ ഉസ്മാന്‍, ജൂലൈ 23ന് മരിച്ച കാസര്‍കോട് സ്വദേശി മാധവന്‍, ജൂലൈ 26ന് മലപ്പുറത്ത് മരിച്ച തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ഖാദര്‍ എന്നിവരുടേതാണ് ഒഴിവാക്കിയത്. കോവിഡ് ലക്ഷണങ്ങളുമായി ചികിത്സക്കെത്തിയ ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പിയടക്കം നല്‍കിയതുമാണ്.

സുതാര്യതയുറപ്പാക്കാന്‍ നിയോഗിച്ച ഡെത്ത് ഓഡിറ്റ് കമ്മിറ്റിയും മരണങ്ങളെ പട്ടികയ്ക്ക് പുറത്താക്കുന്നതില്‍ വിമര്‍ശനം ശക്തമാണ്. ജൂലൈയില്‍ മരിച്ചിട്ടും, ഇതുവരെ ഫലം വരാത്ത നാല് മരണങ്ങള്‍ ഒരു പട്ടികയിലുമില്ലാതെ പുറത്തു നില്‍ക്കുകയാണ്. എന്നാൽ, ഇനിയും കണക്ക് വരാനുണ്ടെന്നാണ് ഡെത്ത് ഓഡിറ്റ് കമ്മിറ്റി പറയുന്നത്.

Anweshanam
www.anweshanam.com