നിവാര്‍ ചുഴലിക്കാറ്റ്: ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഇന്ന് രാത്രി 7 മുതൽ രാവിലെ 7 വരെയാണ് വിമാനത്താവളം അടക്കുന്നത്
നിവാര്‍ ചുഴലിക്കാറ്റ്: ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടക്കും. ഇന്ന് രാത്രി 7 മുതൽ രാവിലെ 7വരെയാണ് വിമാനത്താവളം അടക്കുന്നത്. ചെന്നൈയിലെ എല്ലാ റോഡുകളും ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ അടച്ചിട്ടു.

അതേസമയം നിവാർ ചുഴലിക്കാറ്റിനു പിറകെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം നവംബർ 29ഓടെ രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നവംബര്‍ 26നുള്ള ഏഴോളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. എട്ടോളം ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടുമെന്ന് സതേണ്‍ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.

തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നവംബര്‍ 26ന് പൊതു അവധി പ്രഖ്യാപിച്ചു.

പുതുച്ചേരിയിലും തമിഴ്‌നാട്ടിലും വിവിധ സെന്ററുകളില്‍ നാളെ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

തമിഴ്നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന 'നിവാർ' ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോ തീരത്ത് ആഞ്ഞടിക്കാൻ സാധ്യത. ഓഖി ആഞ്ഞടിച്ച 2017-ലേതിന് സമാനമായ കാലാവസ്ഥാ സാഹചര്യങ്ങളാണ് തമിഴ്നാട് തീരത്ത് കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയിൽ നിന്ന് ഏഴായിരം പേരെയും ഒഴിപ്പിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com