
തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പൊലീസിനെതിരെ പരാതി നല്‍കാനൊരുങ്ങി ശിശുക്ഷേമ സമിതി. സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ശിശുക്ഷേമ സമിതി. എഫ്ഐആറില്‍ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സന്റെ പേര് ചേര്‍ത്തത് സ്വാഭാവിക നടപടിയല്ലെന്നും സിഡബ്ല്യുസി ആരോപിക്കുന്നു.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നാളെ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നല്‍കും. കൗണ്‍സിലിംഗ് ആവശ്യപ്പെട്ട് പൊലീസ് നല്കിയ കത്ത് പരാതിയില്‍ സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടെന്നും കേസില്‍ വിവരം നല്കിയാളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശരിയായില്ലെന്ന് വ്യക്തമാക്തി ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ എന്‍ സുനന്ദ രംഗത്തെത്തിയിരുന്നു.
കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കിയത് സിഡബ്യുസിയിലെ സോഷ്യല്‍ വര്‍ക്കറാണെന്നും അവര്‍ വ്യക്തമാക്കി. 'പൊലീസ് കുട്ടിക്ക് കൗണ്‍സിലിംഗ് നല്കി റിപ്പോര്‍ട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പറഞ്ഞത്. ഒരു ലേഡി കോണ്‍സ്റ്റബിളിനെയും കൂട്ടിയാണ് പതിനാലുകാരനായ കുട്ടിയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നത്. പൊലീസിന് നേരത്തേ വിവരം കിട്ടിയതുകൊണ്ടാണല്ലോ കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുവന്നത്. അപ്പോള്‍ ആ വിവരം നല്‍കിയത് ആരാണോ അവരുടെ പേരാണ്, വിവരം നല്കിയ ആള് എന്ന കോളത്തില്‍ വരേണ്ടത്. അല്ലാതെ ശിശുക്ഷേമസമിതി വിവരം നല്കി എന്നെഴുതുന്നത് തെറ്റാണ്', എന്ന് അഡ്വ. സുനന്ദ പറയുന്നു. നിലവിലെ എഫ്ഐആറില്‍ ഉണ്ടായ പിഴവ് പൊലീസ് തിരുത്തണമെന്നും അവര്‍ അവശ്യപ്പെടുന്നു.