
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 10 ന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തണമെന്ന് നോട്ടീസില്‍ പറയുന്നു.
ഇന്ന് ചോദ്യം ചെയ്യലിനു അയ്യപ്പന് ഹാജരായിരുന്നില്ല. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിക്കുകയായിരുന്നെന്നും നോട്ടീസ് ലഭിച്ചില്ലെന്നുമാണ് അയ്യപ്പന് അറിയിച്ചത്. ഇതേ തുടര്‍ന്നാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച രാവിലെ 10ന് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് അയ്യപ്പനോട് ആവശ്യപ്പെട്ടത്.
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം. കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.