ഡോളര്‍ കടത്ത് കേസ്: കെ അയ്യപ്പനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്
ഡോളര്‍ കടത്ത് കേസ്: കെ അയ്യപ്പനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് കെ അയ്യപ്പനെ വിട്ടയച്ചത്.

അദ്ദേഹം ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും കസ്റ്റംസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയെന്നുമാണ് പുറത്തുവരുന്ന വിവരം. മൊഴി കസ്റ്റംസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമോ എന്നകാര്യം വ്യക്തമല്ല. ഇന്ന് നല്‍കിയ മൊഴി പരിശോധിച്ച ശേഷമാവും വീണ്ടും ചോദ്യംചെയ്യുന്നത് സംബന്ധിച്ച തീരുമാനം കസ്റ്റംസ് എടുക്കുകയെന്നാണ് സൂചന.

ഇന്ന് രാവിലെ 10.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ വച്ചായിരുന്നു ചേദ്യം ചെയ്യൽ. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്.

തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍വച്ച് സ്പീക്കര്‍ ഡോളര്‍ അടങ്ങിയ ബാഗ് കൈമാറുകയും അത് യുഎഇ കോണ്‍സിലേറ്റില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തത്.

കഴിഞ്ഞ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നെങ്കിലും വിവിധ കാരണങ്ങൾ കാട്ടി അയ്യപ്പൻ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ അയ്യപ്പന് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നൽകിയിരുന്നു. നിയമ സഭാ സെക്രട്ടറിയുടെ വാദങ്ങൾ തള്ളിയ കസ്റ്റംസ് ഇന്ന് ഹാജരാകുവാൻ ആവശ്യപ്പെടുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com