സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി
Top News

സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി

എൻഐഎ പ്രത്യേക കോടതി ആണ് അനുമതി നൽകിയത്.

By News Desk

Published on :

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി ലഭിച്ചു. എൻഐഎ പ്രത്യേക കോടതി ആണ് അനുമതി നൽകിയത്. നിലവിൽ എൻഐഎയുടെ കസ്റ്റഡിയിലാണ് പ്രതികൾ.

അഞ്ച് ദിവസത്തേക്ക് കൂടി ഇരുവരുടേയും കസ്റ്റഡി നീട്ടണമെന്ന എൻഐഎ ആവശ്യം ഇന്നലെ കോടതി അംഗീകരിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാകാൻ സമയം വേണമെന്ന ആവശ്യമാണ് ദേശീയ അന്വേഷണ ഏജൻസി മുന്നോട്ട് വച്ചത്. ഇതനുസരിച്ച് ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി.

സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർ നൽകിയ ജാമ്യ ഹർജി 24ന് കോടതി പരിഗണിക്കും. യുഎപിഎ വകുപ്പ് നിലനിൽക്കില്ലെന്നാണ് ഇരുവരുടേയും വാദം. കേസിലെ മറ്റ് രണ്ട് പ്രതികളായ കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസിന്റെ അപേക്ഷ, സാമ്പത്തിക കുറ്റകൃത്യ കോടതി ഇന്ന് പരിഗണിക്കും.

അതേസമയം, സ്വ‍ർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി ഇന്ന് അറസ്റ്റിലായിരുന്നു. മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാം ആണ് അറസ്റ്റിലായത്. കടത്താൻ ശ്രമിച്ച സ്വർണ്ണത്തിനായി പണം മുടക്കിയ കേസിലാണ് ഇയാളുടെ അറസ്റ്റ്. കേസിലെ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന ഫൈസൽ ഫരീദിന്‍റെ മൂന്നുപീടികയിലെ വീടിനു മുന്നിൽ എൻഐഎ ഇന്നലെ അറസറ്റ് വാറണ്ട് പതിപ്പിച്ചിരുന്നു. ദുബായ് പൊലീസിന്റെ പിടിയിലായ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

Anweshanam
www.anweshanam.com