
കൊച്ചി; ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ പ്രതിചേര്‍ത്ത് കസ്റ്റംസ്. നാലാം പ്രതിയായാണ് ശിവശങ്കറിന്റെ പേര് ചേര്‍ത്തത്. ശിവശങ്കറിന് എതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കസ്റ്റംസ് കേസാണിത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് എം ശിവശങ്കറിനെ പ്രതിയാക്കിയിരുന്നു.
അതേസമയം, സ്വര്‍ണകള്ളക്കടത്ത് കേസിലെ അഞ്ചാം പ്രതിയായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരോടൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ഇതിനിടെ, എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിലെ അന്വേഷണ പുരോഗതി എന്‍ഫോഴ്സ്മെന്റും കോടതിയെ അറിയിക്കും. സ്വപ്ന സുരേഷിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമാണ് ശിവശങ്കറിന്റെ വാദം.