കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് മൂന്നാറിൽ വൈദികരുടെ ധ്യാനം; ഒരു വൈദികൻ മരിച്ചു; നിരവധിപേർക്ക് കോവിഡ്

വൈദികരുടെയും വിശ്വാസികളുടെയും എതിർപ്പിനെ മറികടന്നാണ് സഭ നേതൃത്വം മൂന്നാർ സിഎസ്‌ഐ ക്രൈസ്റ്റ് ചർച്ചിൽ വെച്ച് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ധ്യാനം സംഘടിപ്പിച്ചത്.
കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് മൂന്നാറിൽ വൈദികരുടെ ധ്യാനം; ഒരു വൈദികൻ മരിച്ചു; നിരവധിപേർക്ക് കോവിഡ്

ഇടുക്കി: സിഎസ്‌ഐ ദക്ഷിണ കേരളം മഹാ ഇടവക വൈദികർക്കും സഭ ശുശ്രൂഷകർക്കുമായി നടത്തിയ വാർഷിക ധ്യാനയോഗം നടന്നത് കോവിഡ് ചട്ടങ്ങൾ മറികടന്ന്. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തിൽ ഏപ്രിൽ 13 മുതൽ 17 വരെ വരെയായിരുന്നു സമ്മേളനം നടന്നത്. സമ്മേളനത്തിൽ പങ്കെടുത്ത വൈദികൻ റവ. ബിജുമോൻ കോവിഡ് ബാധിച്ച് മരിക്കുകയും മുപ്പതിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

വൈദികരുടെയും വിശ്വാസികളുടെയും എതിർപ്പിനെ മറികടന്നാണ് സഭ നേതൃത്വം മൂന്നാർ സിഎസ്‌ഐ ക്രൈസ്റ്റ് ചർച്ചിൽ വെച്ച് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ധ്യാനം സംഘടിപ്പിച്ചത്. പകർച്ചവ്യാധി നിയമം മറികടന്ന് നടത്തിയ പരിപാടിയെ തുടർന്ന് കോവിഡ് ബാധിതനായ റവ. ബിജുമോൻ അച്ചൻ ഏപ്രിൽ 29 നാണ് മരിച്ചത്. ഇതോടെയാണ് സഭ നടത്തിയ ഗുരുതര കുറ്റകൃത്യം പുറത്തുവരുന്നത്.

കോവിഡ് ബാധിച്ച് മരിച്ച റവ. ബിജുമോൻ അച്ചൻ
കോവിഡ് ബാധിച്ച് മരിച്ച റവ. ബിജുമോൻ അച്ചൻ

ബിഷപ്പ് എ. ധർമരാജ് റസാലം, പ്രവീൺ, ജയരാജ് എന്നിവരുടെ പേരുകളാണ് സംഭവവുമായി ഉയർന്നു വരുന്നത്. ബിഷപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടി നടത്തിയത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ വെച്ച് ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മൂന്നാറിൽ വെച്ച് ധ്യാനം നടത്തിയത്.

പരിപാടിയിൽ പങ്കെടുക്കാൻ ഇടവക പണം അനുവദിക്കണമെന്ന് കാണിച്ചുള്ള നോട്ടീസ്
പരിപാടിയിൽ പങ്കെടുക്കാൻ ഇടവക പണം അനുവദിക്കണമെന്ന് കാണിച്ചുള്ള നോട്ടീസ്

സംഭവത്തിനെതിരെ സാമൂഹ്യ പ്രവർത്തകനും സഭാംഗവുമായ സാബു സ്റ്റീഫൻ പരാതിയുമായി രംഗത്തെത്തി. ചീഫ് സെക്രട്ടറി, ഡിജിപി, ദുരന്ത നിവാരണ അതോറിറ്റി, ഇടുക്കി, തിരുവനന്തപുരം ജില്ലാ കളക്ടർമാർ, മൂന്നാർ, തിരുവനന്തപുരം മ്യുസിയം പോലീസ് എന്നിവർക്കാണ് പരാതി നൽകിയിട്ടുള്ളത്.

റവ. ബിജുമോൻ അച്ചന്റെ മരണത്തിൽ ബിഷപ്പ് ഉൾപ്പെട്ട സംഘടകർക്കതിരെ നരഹത്യ ഉൾപ്പെടെ കേസുകൾ ചുമത്തണമെന്നാണ് പരാതിയിലെ ആവശ്യം. ധ്യാനത്തിൽ പങ്കെടുത്ത് കോവിഡ് സ്ഥിരീകരിച്ച 30 ലേറെ വരുന്ന വരുന്ന വൈദികരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ നിർബന്ധിത ക്വറന്റീനിൽ ആക്കണമെന്നും നിർദേശമുണ്ട്. ഏറെ സാമ്പത്തിക ശേഷിയുള്ള സഭ ഈ കേസ് ഒതുക്കി തീർക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ നടന്നാൽ അത് വലിയൊരു കുറ്റകൃത്യമാകും. അതിനാൽ അത് തടഞ്ഞ് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം

No stories found.
Anweshanam അന്വേഷണം
www.anweshanam.com