സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രതിയായ സ്വപ്ന സുരേഷിനെ നെഞ്ച് വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് വനിതാ പൊലീസുകാരാണ് സെല്‍ഫിയെടുത്തത്.

സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തിരുന്നു. കൗതുകത്തിന് സെല്‍ഫിയെടുത്തതെന്നാണ് വനിതാ പൊലീസുകാരുടെ വിശദീകരണം. എന്നാല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വപ്നയുമായി സൗഹൃദമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കും. പൊലീസുകാരുടെ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അച്ചടക്ക നടപടികളിലേക്ക് കടക്കുക.

അതേസമയം റമീസിന്റെ ആശുപത്രിവാസം സംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവിക്ക് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്.

റമീസിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും കണ്ടെത്തിയിരുന്നു. മൂത്രാശയ രോഗങ്ങളും ഉദരസംബന്ധമായ അസുഖങ്ങളുമാണുള്ളതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. രണ്ടാഴ്ച കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഡോക്ടറെ കാണിക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജയില്‍ വകുപ്പ് മേധാവിക്ക് അതിസുരക്ഷാ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

Related Stories

Anweshanam
www.anweshanam.com