കമറുദ്ദീൻ എംഎൽഎക്കെതിരായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും: ഡിജിപി

കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീന്‍റെയും പൂക്കോയ തങ്ങളുടേയും വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു
കമറുദ്ദീൻ എംഎൽഎക്കെതിരായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും: ഡിജിപി

തിരുവനന്തപുരം: എം സി കമറുദ്ദീൻ എംഎൽഎ ഉൾപ്പടെ പ്രതിയായ കാസര്‍കോട് ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ജൂവലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീന്‍ എം.എല്‍.എയ്ക്കെതിരെ ഇന്ന് 14 വഞ്ചനാ കേസുകൾ കൂടി കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 14 പേരിൽ നിന്നായി ഒരു കോടിയിലധികം രൂപ വാങ്ങിയെന്നാണ് പുതിയ വിവരം. ഇതോടെ എംഎൽഎക്കെതിരായ കേസുകളുടെ എണ്ണം 29 ആയി.

കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീന്‍റെയും പൂക്കോയ തങ്ങളുടേയും വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എംസി കമറുദ്ദീന്‍റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്ദേരിയിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടക്കുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. ജ്വല്ലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു. വഞ്ചന കേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിരുന്നു.

2013-ലാണ് എം.സി.ഖമറുദ്ദീന്‍ ചെയര്‍മാനും ടി.കെ.പൂക്കോയ തങ്ങള്‍ മാനേജിങ്‌ ഡയറക്ടറുമായി ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ജൂവലറി ചെറുവത്തൂരില്‍ തുടങ്ങിയത്. 2014-ല്‍ കാസര്‍കോട്ടും 2015-ല്‍ പയ്യന്നൂരിലും ശാഖകള്‍ തുടങ്ങി. സ്ഥാപനം നഷ്ടത്തിലാണെന്നാണ് എം.എല്‍.എ. നേരത്തേ പറഞ്ഞിരുന്നത്. പിന്നീട് നവീകരിക്കാനെന്ന പേരില്‍ കഴിഞ്ഞ ജനുവരിയില്‍ ചെറുവത്തൂരിലെയും കാസര്‍കോട്ടെയും സ്ഥാപനങ്ങള്‍ അടച്ചു. ലാഭവിഹിതവും നിക്ഷേപവും കിട്ടാന്‍ സാദ്ധ്യതയില്ലെന്ന് കണ്ടപ്പോഴാണ് നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഇതിനിടയില്‍ കള്ളാര്‍ സ്വദേശികളായ സി.അഷ്‌റഫ്, പി.സുബീര്‍ എന്നിവരുടെ പരാതിയില്‍ കോടതിയില്‍ ഹാജരാകാന്‍ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസയച്ചത് കമറുദ്ദീന്‍ എം.എല്‍.എ.ക്ക് കുരുക്കായി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com