സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു
സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണച്ചുമതല.

ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.

ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചോര്‍ച്ചയില്‍ വിവാദം മുറുകുമ്പോഴാണ് നേരത്തെ ജയില്‍വകുപ്പ്, പരാതിയില്‍ അന്വേഷണം നടത്താനാകില്ലെന്ന നിലപാടില്‍ എത്തിയത്. ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞതും ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ജയില്‍വകുപ്പ് കണ്ടെത്തിയതുമാണ് കാരണം.

എന്നാല്‍ ഇഡി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ശബ്ദരേഖ ചോര്‍ച്ചയില്‍ ഗൂഢാലോചന സംശയിക്കുന്ന ഇഡി, ജയില്‍വകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. ജയിലില്‍ നിന്നല്ല ശബ്ദരേഖ ചോര്‍ന്നതെന്ന നിഗമനത്തില്‍ ഇതിനോടകം എത്തിയ ജയില്‍വകുപ്പ്, കൂടുതല്‍ അന്വേഷണത്തിലേക്ക് പോകില്ല. പ്രാഥമിക അന്വേഷണം നടത്തിയ ജയില്‍ ഡിഐജി റിപ്പോര്‍ട്ട് തയ്യാറാക്കാതെ വിവരങ്ങള്‍ മാത്രമാണ് ഡിജിപിയെ ധരിപ്പിച്ചത്.

സ്വപ്ന ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത് കൊണ്ടാണ് രേഖാമൂലം റിപ്പോര്‍ട്ട് തയ്യാറാക്കാത്തത്. ഇഡിയുടെ കത്തില്‍, ജയില്‍വകുപ്പ് കൃത്യമായ മറുപടി നല്‍കേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വപ്നയെ ചോദ്യം ചെയ്ത് ചോര്‍ച്ച ജയിലില്‍ നിന്നല്ലെന്ന് നിലപാടിലേക്ക് ജയില്‍ വകുപ്പ് എത്തിയതിനെയും ഇഡി സംശയിക്കുന്നുണ്ട്. സ്വപ്നയുടെ ശബ്ദരേഖയില്‍ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിച്ചുവെന്നാണ് ആരോപണങ്ങളെല്ലാം. കേന്ദ്ര ഏജന്‍സിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം.

Related Stories

Anweshanam
www.anweshanam.com