രാജിവെക്കേണ്ട സാഹചര്യമില്ല; കെടി ജലീലിന് പൂര്‍ണ്ണ പിന്തുണയുമായി സിപിഎം
Top News

രാജിവെക്കേണ്ട സാഹചര്യമില്ല; കെടി ജലീലിന് പൂര്‍ണ്ണ പിന്തുണയുമായി സിപിഎം

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നേയുള്ളൂ, കേസ് വന്നാല്‍ പോലും രാജിവയ്ക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: എന്‍ഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെടി ജലീലിന് പൂര്‍ണ്ണ പിന്തുണയുമായി സിപിഎം. മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് നേതാക്കളായ എംവി ഗോവിന്ദന്‍ മാസ്റ്ററും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നേയുള്ളൂ, കേസ് വന്നാല്‍ പോലും രാജിവയ്ക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു

ഇത് സാങ്കേതികം മാത്രമാണ്. ജലീലും മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭയപ്പെടാന്‍ ഉള്ള യാതൊരു കാര്യവും ഇല്ലെന്നും ഗോവിന്ദന്‍ മാഷ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് അന്വേഷണം പോകേണ്ടത് വിദേശകാര്യ സഹമന്ത്രി വി മുരളീധരനിലേക്കും ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്ബ്യാരിലേക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

ജലീല്‍ ഏതെങ്കിലും നിയമലംഘനം നടത്തി എന്നതില്‍ ചോദ്യം ചെയ്യുന്നതില്‍ അസാധാരണമായി ഒന്നും കാണേണ്ടതില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഒരു വിഷയത്തിലും ആശങ്കയില്ല. സംശയം ഉണ്ടാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കും. കുഞ്ഞാലിക്കുട്ടി രാജിവെക്കാന്‍ ഇടയായ കീഴ്‌വഴക്കം ഒന്നും ജലീലിന്റെ കാര്യത്തില്‍ ഇല്ല. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് നിരവധി സന്ദര്‍ഭങ്ങളില്‍ കണ്ടിട്ടുള്ളതാണ്. കേരളത്തിലെ പ്രതിപക്ഷം ഒരു രാഷ്ട്രീയ പരാജയമാണ്. കളവുകള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉള്ള പദ്ധതി പ്രതിപക്ഷം തയ്യാറാക്കിയിട്ടുണ്ട്. നേതാക്കളുടെ കുടുംബത്തെയും കടന്നാക്രമിക്കുന്നു. നികൃഷ്ടമായ പ്രവര്‍ത്തന രീതി ആണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തിക്കൊണ്ട് ഇരിക്കുന്നത്. പ്രതിപക്ഷത്തിന് നിരാശപ്പെടേണ്ടി വരുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ഒരു ഉപകരണം ആയി അന്വേഷണ ഏജന്‍സികള്‍ മാറാന്‍ പാടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Anweshanam
www.anweshanam.com