തുടർഭരണത്തിന് സാധ്യതയെന്ന് സിപിഎം; ഡിസംബര്‍ 22 മുതല്‍ മുഖ്യമന്ത്രിയുടെ കേരളപര്യടനം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 22 മുതല്‍ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തും
തുടർഭരണത്തിന് സാധ്യതയെന്ന് സിപിഎം; ഡിസംബര്‍ 22 മുതല്‍ മുഖ്യമന്ത്രിയുടെ കേരളപര്യടനം

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തില്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു ഗുണകരമായി. ഇത് കേരളത്തില്‍ തുടര്‍ഭരണ സാധ്യത മുന്നോട്ടുവെക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 22 മുതല്‍ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തും. വിവാദ കൊടുങ്കാറ്റിനിടയിലും തദ്ദേശതിരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം കൈവരിക്കാന്‍ സഹായിച്ചത് സൗജന്യ ഭക്ഷ്യകിറ്റും മാസം തോറുമുള്ള ക്ഷേമപെന്‍ഷന്‍ വിതരണവും അടക്കമുള്ള ക്ഷേമപദ്ധതികളാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

വിവാദങ്ങള്‍ ജനം തിരസ്കരിച്ചു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. നഗരമേഖലകളില്‍ ബിജെപി കടന്നുകയറുന്നത് ഗൗരവമായ വിഷയമാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യം പാര്‍ട്ടി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച മുതല്‍ ജില്ലാകമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും. കോര്‍പറേഷനുകളില്‍ ആരെ മേയറാക്കണമെന്ന കാര്യം പരിശോധിച്ച് ജില്ലാകമ്മിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത് വിലയിരുത്തി സംസ്ഥാന നേതൃത്വം അന്തിമതീരുമാനമെടുക്കും.

ജനുവരി 2, 3 തീയതികളില്‍ സംസ്ഥാന സമിതിയും ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് 22 ന് കൊല്ലത്തുനിന്ന് മുഖ്യമന്ത്രി സംസ്ഥാനപര്യടനം ആരംഭിക്കും. ദിവസം രണ്ടുജില്ലകള്‍ വീതം മുഖ്യമന്ത്രി സന്ദര്‍ശിക്കും. 30ന് എറണാകുളം, ആലപ്പുഴ ജില്ലകളിലായി പര്യടനം പൂര്‍ത്തിയാക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com