ആലപ്പുഴയിൽ പരസ്യപ്രതിഷേധം; മൂന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി

മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 19 പാര്‍ട്ടി അംഗങ്ങള്‍ നയിച്ച പ്രകടനമാണ് രാവിലെ ആലപ്പുഴ നഗരത്തില്‍ അരങ്ങേറിയത്
ആലപ്പുഴയിൽ പരസ്യപ്രതിഷേധം; മൂന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി

ആലപ്പുഴ: നഗരസഭാ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച്‌ പ്രകടനം നടത്തിയ സംഭവത്തില്‍ അച്ചടക്ക നടപടിയുമായി സിപിഎം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പുറത്താക്കിയത്.

മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 19 പാര്‍ട്ടി അംഗങ്ങള്‍ നയിച്ച പ്രകടനമാണ് രാവിലെ ആലപ്പുഴ നഗരത്തില്‍ അരങ്ങേറിയത്. ഈ പ്രതിഷേധ പ്രകടനം കടുത്ത അച്ചടക്ക ലംഘനമായാണ് സിപിഎം ജില്ലാ നേതൃത്വം കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 19 പാര്‍ട്ടി അംഗങ്ങളോട് വിശദീകരണം ആരാഞ്ഞിരുന്നു. അവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍നിന്ന് അടിയന്തരമായി പുറത്താക്കാന്‍ ജില്ലാ നേതൃത്വം തീരുമാനമെടുത്തത്.

മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം.

നെഹ്രുട്രോഫി വാര്‍ഡിലെ ബ്രാഞ്ചുകളില്‍ നിന്നുള്ള അംഗങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. അവിടെനിന്നുള്ള കൗണ്‍സിലറും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കെ.കെ. ജയമ്മയെ ചെയര്‍പേഴ്സണ്‍ ആക്കാത്തതിലുള്ള പ്രതിഷേധമാണ് പ്രകടനത്തിലേക്ക് നയിച്ചത്. ബ്രാഞ്ച്സെക്രട്ടറിയായ പി പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.

പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് മുന്‍പ് മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചിരുന്നു. അഴിമതി രഹിത ഭരണം വേണ്ടെന്ന് കരുതുന്നവരാണ് പ്രകടനം നടത്തിയതെന്നാണ് മന്ത്രി പ്രതികരിച്ചത്. പ്രകടനത്തില്‍ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാമെതിരെ നടപടിയുണ്ടാകും. ജയമ്മയെ കുറിച്ച്‌ സംഭവത്തില്‍ പരാമര്‍ശിക്കേണ്ടെന്നും അവരും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് ചെയ്‌തെന്നും ജി സുധാകരന്‍ പറഞ്ഞു.

ആകെ 52 സീ‌റ്റില്‍ 35ഉം നേടിയാണ് ഇടത്‌മുന്നണി ആലപ്പുഴയില്‍ അധികാരത്തിലെത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com