കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ തിരിച്ചറിയണം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ
Top News

കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ തിരിച്ചറിയണം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. മണല്‍ മാഫിയകളും വന്‍കിട വ്യവസായ ലോബികളും ഇടതുപക്ഷത്തിന്റെ പ്രകടന പത്രികക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം. കണ്‍സള്‍ട്ടന്‍സികളുടെ ചൂഷണം സര്‍ക്കാര്‍ ഒഴിവാക്കണമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു.

ചിലര്‍ ചട്ടം ലംഘിച്ച് വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നും, ടെണ്ടര്‍ ഇല്ലാതെ കോടികളുടെ കരാര്‍ നേടി, അത് മറിച്ചു കൊടുക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ഐടി വകുപ്പ് നടത്തിയ കരാര്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെല്ലാം അന്വേഷിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണ്. വിദേശ കോണ്‍സുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനും നമ്മുടെ രാജ്യത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. അത് ചിലര്‍ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണെന്ന് പ്രകാശ് ബാബു 'ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക' എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ സ്പ്രിംഗ്ലര്‍ വിവാദത്തിലും ഐടി വകുപ്പിനെ പരസ്യമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മും കോടിയേരി ബാലകൃഷ്ണനുമടക്കം മുഖ്യമന്ത്രിക്ക് പൂര്‍ണ്ണപിന്തുണ നല്‍കുമ്പോഴും മുന്നണി മുഖ്യമന്ത്രിക്ക് ഒപ്പമില്ലെന്നാണ് മുഖപത്രത്തിലെ ലേഖനം നല്‍കുന്ന സൂചനകള്‍.

Anweshanam
www.anweshanam.com