വൈത്തിരി ഏറ്റുമുട്ടല്‍; സിപി ജലീല്‍ വെടിയുതിര്‍ത്തില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തോക്കുകളുടെ ശാസ്ത്രീയ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.
വൈത്തിരി ഏറ്റുമുട്ടല്‍; സിപി ജലീല്‍ വെടിയുതിര്‍ത്തില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വൈത്തിരിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീല്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. തോക്കുകളുടെ ശാസ്ത്രീയ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതോടെ ഏറ്റുമുട്ടലിനിടെയാണ് ജലീലിനെ കൊലപ്പെടുത്തിയതെന്ന പൊലീസ് വാദമാണ് പൊളിയുന്നത്.

എന്നാല്‍ ജലീല്‍ പൊലീസിനെ വെടിവെച്ചതുകൊണ്ടല്ല തിരിച്ചുവെടിവെച്ചത് എന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന വാദം ശരിവെക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

പൊലീസ് സമര്‍പ്പിച്ച ജലീലിന്റേതെന്ന് അവകാപ്പെട്ട തോക്കില്‍ നിന്നല്ല വെടിയുതിര്‍ത്തതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജലീലിന്റെ വലതുകയ്യില്‍ നിന്ന് എടുത്ത സാമ്പിളില്‍ വെടിമരുന്നിന്റെ ഏതെങ്കിലും തരത്തിലുള്ള അംശം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടം കൈയില്‍ ലെഡിന്റെ അവശിഷ്ടങ്ങളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. വലം കൈയനായ ജലീല്‍ ഇടം കൈ ഉപയോഗിക്കാറില്ലെന്ന് സഹോദരന്‍ സിപി റഷീദ് പറയുന്നു.

സിപി ജലീല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് തിരക്കഥയനുസരിച്ച് നടന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ആരോപിച്ച് കുടുബവും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

2019 മാര്‍ച്ച് 7നാണ് വയനാട് ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് ജലീല്‍ കൊല്ലപ്പെട്ടത്. പണപ്പിരിവിന് തോക്കുമായെത്തിയ ജലീല്‍ വെടിവെച്ചപ്പോള്‍ തിരികെ വെടിവെച്ചു എന്നതായിരുന്നു പൊലീസ് ഭാഷ്യം. ഫെബ്രുവരിയിലാണ് ഫോറന്‍സിക് ലാബ് ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് മറച്ച് വെച്ച പൊലീസ്, സര്‍വ്വീസ് തോക്കുകള്‍ തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വിവരം ബന്ധുക്കളറിഞ്ഞതും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എടുത്തതും. പിടികൂടുന്നതിന് പകരം പൊലീസ് ജലീലിനെ വെടിവെച്ച് കൊന്നത് ബോധപൂര്‍വ്വമാണെന്ന് അന്നേ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com