ഇന്ന് 2716 രോഗമുക്തർ; ഏറ്റവും കൂടുതൽ രോഗമുക്തർ മലപ്പുറത്ത്
Top News

ഇന്ന് 2716 രോഗമുക്തർ; ഏറ്റവും കൂടുതൽ രോഗമുക്തർ മലപ്പുറത്ത്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്

News Desk

News Desk

തിരുവനന്തപുരം: ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എന്നാൽ, ഏറ്റവും കൂടുതൽ പേർ രോഗമുക്തരായ ദിനം കൂടിയാണ് ഇന്ന്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയി. ഇന്ന് ഏറ്റവും കൂടുതൽ രോഗമുക്തി നേടിയത് മലപ്പുറം ജില്ലയിലാണ്. 614 പേരുടെ ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

തിരുവനന്തപുരം - 426, കൊല്ലം - 114, പത്തനംതിട്ട - 105, ആലപ്പുഴ - 438, കോട്ടയം - 117, ഇടുക്കി - 26, എറണാകുളം - 185, തൃശൂര്‍ - 140, പാലക്കാട് - 93, കോഴിക്കോട് - 272, വയനാട് - 28, കണ്ണൂര്‍ - 73, കാസര്‍ഗോഡ് - 72 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഇന്ന് നെഗറ്റീവായത്. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,194 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1750 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,92,330 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,81,683 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Anweshanam
www.anweshanam.com