
തിരുവനന്തപുരം: ആദ്യഘട്ട കോവിഡ് വാക്സിനുമായുള്ള ആദ്യ വിമാനം കേരളത്തിലെത്തി. രാവിലെ 10.30 യോടെയാണ് നെടുമ്പാശേരിയിലെത്തിയത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് രണ്ടാം വിമാനം തിരുവനന്തപുരത്തെത്തും. ഗോ എയര്‍ വിമാനത്തിലെത്തുന്ന വാക്സിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ആദ്യബാച്ചില്‍ 25 ബോക്സുകളാകും ഉണ്ടാകുക. ഇതില്‍ 15 ബോക്സുകള്‍ എറണാകുളത്തേക്കും പത്ത് ബോക്സുകള്‍ കോഴിക്കോട്ടേക്കും ആണെന്നാണ് വ്യക്തമാകുന്നത്. കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക. സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്സീന് എത്തിക്കുക.
കേന്ദ്ര സംഭരണ ശാലകളില്‍ നിന്ന് എത്തുന്ന കൊവിഷീല്‍ഡ് വാക്സീന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സീനേഷന് കേന്ദ്രങ്ങളിലെത്തിക്കും.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സീനേഷന് കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സീനേഷന് കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സീന് നല്‍കും.