
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലകളിലും നടന്ന ഡ്രൈറണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനം കോവിഡ് വാക്സിന് വിതരണത്തിന് പൂര്‍ണ സജ്ജമെന്ന് ആരോഗ്യവകുപ്പ്. വാക്സിനെത്തിയാലുടന്‍ സൂക്ഷിക്കാനും വിതരണത്തിനും ഉള്ള സംവിധാനങ്ങളും കുറ്റമറ്റരീതിയില്‍ ഒരുക്കിയിട്ടുണ്ട്.
കോവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട റിഹേഴ്സലിലും അപാകതകളൊന്നും കണ്ടെത്തിയില്ല. കൊവിന്‍ അപ്പിലെ രജിസ്ട്രേഷന്, മാനദണ്ഡങ്ങള്‍ പാലിച്ചുള്ള കുത്തിവയ്പ്, കുത്തിവയ്പിനുശേഷം അലര്‍ജി ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം അങ്ങനെയെല്ലാം ഗ്രാമീണ നഗര മേഖലകളിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ പൂര്‍ണതോതില്‍ സജ്ജമെന്നാണ് വിലയിരുത്തല്‍.
5 ലക്ഷം വാക്സിന് സംസ്ഥാനം ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 3.51 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എത്ര അളവില്‍ വാക്സിന് കിട്ടിയാലും അത് ശീതീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം കേരളത്തിലുണ്ട്. കേന്ദ്രത്തില്‍ നിന്നെത്തിച്ച ഐസ് ലൈന്ഡ് റഫ്രിജറേറ്ററുകളും കോള്‍ഡ് ബോക്സുകളും വാക്സിന് കാരിയറുകളും ഐസ് പാക്കുകളും ഇതിനോടകം ജില്ലകളില്‍ എത്തിച്ചിട്ടുണ്ട്. സിറിഞ്ചുകളുടെ വിതരണം അന്തിമഘട്ടത്തിലാണ്. കമ്പനികളില്‍ നിന്ന് വാക്സിന് വിമാനമാര്‍ഗം ആദ്യമെത്തിക്കുന്ന ചെന്നൈയില്‍ നിന്നാകും കേരളത്തിലേക്ക് വാക്സിന് എത്തിക്കുക.