
ന്യൂഡൽഹി: കോവിഡ് വാക്സിന്റെ അനുമതി സംബന്ധിച്ച് അന്തിമ തീരുമാനം ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്ന് അറിയിക്കും. രാവിലെ പതിനൊന്ന് മണിക്ക് ഡിസിജിഐ വി ജി സോമനി മാധ്യമങ്ങളെ കാണുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി കോവിഡ് ഭീതിയിൽ കഴിയുന്ന രാജ്യത്ത് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഇന്നത്തെ പ്രഖ്യാപനം. അനുമതി കിട്ടിയാല്‍ ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിന് വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ രണ്ട് വാക്സിനുകളുടെ അടിയന്തര അനുമതിക്കാണ് വിദഗ്ധ സമിതി ഡിജിസിഐയ്ക്ക് ശുപാര്‍ശ നല്‍കിയത്. സിറം ഇന്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഡിജിസിഐയുടെ അനുമതി ലഭിച്ചാല്‍ ഉപയോഗിക്കാനാകുക.
എന്നാല്‍ വാക്സിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി എന്തെല്ലാം വിവരങ്ങളാണ് വിദഗ്ധസമിതിക്ക് മുൻപാകെ രണ്ട് കമ്പനികളും സമര്‍പ്പിച്ചിരിക്കുന്നത് എന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ മൂന്നാംഘട്ടപരീക്ഷണം നവംബര്‍ മധ്യത്തോടെയാണ് തുടങ്ങിയത്. രണ്ട് ഡോസ് വീതം നല്‍കേണ്ട കൊവാക്സിന്റെ രണ്ട് ഡോസുകള്‍ക്ക് ഇടയിലുള്ള ഇടവേള 28 ദിവസമാണ്.
ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, ഇന്ത്യയില്‍ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് എന്ന വാക്സിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് നിലവില്‍ നിയന്ത്രിതഘട്ടങ്ങളില്‍ അനുമതി നല്‍കിയിരിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലുള്ള കൊവാക്സിന് കൂടി അനുമതി നല്‍കുന്നത് യുകെയില്‍ നിന്നുള്ള കൊവിഡ് വൈറസ് വകഭേദം കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ്. ഇതോടൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാഡില ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങാനുള്ള അനുമതിയും നല്കി. ബയോടെക്നോളജി വകുപ്പാണ് ഈ പരീക്ഷണത്തിന് ഫണ്ട് ചെയ്യുന്നത്.
അനുമതി ലഭിച്ചാല്‍ വന്‍തോതിലുള്ള ഒരു വാക്സിന് വിതരണയജ്ഞത്തിനാണ് കേന്ദ്രസര്‍ക്കാരിന് തയ്യാറെടുക്കേണ്ടത്. അതിന്റെ ഭാഗമായാണ് ശനിയാഴ്ച ഡ്രൈറണ്‍ നടത്തിയത്. ആദ്യഘട്ടവാക്സിനേഷന്‍ യജ്ഞത്തില്‍ 30 കോടി ഇന്ത്യക്കാരെയാണ് വാക്സിനേറ്റ് ചെയ്യേണ്ടത്. ഇതില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും, രണ്ട് കോടി ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ പൊലീസുദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, മുന്‍സിപ്പല്‍ പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടും. 50 വയസ്സിന് മുകളിലുള്ളവരും, ആരോഗ്യസംബന്ധമായ അവശതകളുള്ളവരുമാണ് ബാക്കി 27 കോടിപ്പേര്‍.