കേരളത്തിലേക്ക് എത്തുന്നത് കൊവിഷീല്‍ഡിന്റെ 4,33,500 ഡോസുകള്‍; വാക്സിനേഷന്‍ ശനിയാഴ്ച ആരംഭിക്കും

വിമാനമാര്‍ഗം നെടുമ്പാശേരിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് വാക്സിന്‍ എത്തുക
കേരളത്തിലേക്ക് എത്തുന്നത് കൊവിഷീല്‍ഡിന്റെ 4,33,500 ഡോസുകള്‍; വാക്സിനേഷന്‍ ശനിയാഴ്ച ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തിന് പരിഗണന നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ആവശ്യമായ പരിഗണന നല്‍കണമെന്നും പ്രാഥമിക ഘട്ടത്തില്‍ അഞ്ച് ലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് എത്തുക കൊവിഷീല്‍ഡ് വാക്‌സിന്റെ 4,33,500 ഡോസുകളെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ വാക്സിനേഷന്റെ ഭാഗമായി ഇത്രയും ഡോസുകള്‍ എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചുവെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

വിമാനമാര്‍ഗം നെടുമ്ബാശേരിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് വാക്സിന്‍ എത്തുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട് 1,19,500 ഡോസുമാണ് എത്തിക്കുക. തിരുവനന്തപുരത്തുനിന്നും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെയും തിരുവന്തപുരത്തെയും വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് ഡോസുകള്‍ എത്തിക്കും. കൊച്ചിയില്‍ നിന്നും എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്നും കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, വയനാട്‌ എന്നിവിടങ്ങളിലേക്കും വാക്സിന്‍ നല്‍കും.

നെടുമ്ബാശേരിയില്‍ എത്തിക്കുന്ന വാക്സിന്‍ റോഡ് മാര്‍ഗമാണ് കോഴിക്കോട്ടേക്ക് നല്‍കുക. എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ ഒന്‍പത് വീതം, എന്നിങ്ങനെ 133 കേന്ദ്രങ്ങളാണ് കൊവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ശനിയാഴ്ച വാക്സിനേഷന്‍ നടക്കും.

കോഴിക്കോട്ടേക്ക് വന്നെത്തുന്ന വാക്സിനുകളില്‍ 1,100 ഡോസുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്. സംസ്ഥാനത്തേക്ക് എത്തുന്ന വാക്സിന്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com