സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 4538 പേ‌‌ർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 20 മരണം കൂടി സ‌ർക്കാ‌ർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. നിലവിൽ 57877 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 249 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്. 36027 സാമ്പിൾ 24 മണിക്കൂറിൽ പരിശോധിച്ചു. 3847 പേർ രോഗമുക്തി നേടി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇതുവരെ 1,79,922 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവിൽ 57879 ആക്ടീവ് കേസുകൾ. വലിയ തോതിലുള്ള വ്യാപനത്തിലേക്ക് പോകുമെന്ന ആശങ്കയാണ് നിലവിൽ. ഇന്നലെ 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ ബാക്കിയുള്ള റിസൾട്ടുകൾ കൂടി നാളത്തെ കണക്കിൽ വരും. ഇത്രയും നാൾ രോഗവ്യാപന തോത് നിർണയിക്കുന്നതിൽ കേരളം മുന്നിലായിരുന്നു. അതിനാണ് ഇളക്കം വന്നത്.

ശരാശരി 20 ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. ഇന്ന് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. വിവിധ വകുപ്പ് മേധാവികളും പൊലീസുകാരും ജില്ലാ കളക്ടർമാരും എസ്പിമാരും പങ്കെടുത്തു. പത്ത് ലക്ഷത്തിൽ 5431എന്ന നിലയിലാണ് ജനസംഖ്യയോട് താരതമ്യം ചെയ്യുമ്പോൾ രോഗബാധ. 5482 ആണ് ഇന്ത്യൻ ശരാശരി. മരണനിരക്ക് ദേശീയ ശരാശരി 1.6 ശതമാനം. കേരളത്തിലത് 0.4 ശതമാനം മാത്രമാണ്.

രോഗബാധ വർധിച്ചതിനൊപ്പം മരണനിരക്കും വർധിച്ചു. വ്യാപനം തടഞ്ഞാലേ മരണം കുറയ്ക്കാനാവൂ. രോഗം കൂടുന്നു. നേരിടാനാവശ്യമായ സജ്ജീകരണങ്ങൾ ശക്തമാക്കുന്നു. വലിയ തോതിലുള്ള വർധനവാണ് ഉണ്ടാവുന്നത്. വ്യാപനം തടയൽ പ്രധാനമാണ്. വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടൽ നേരത്തെ തീരുമാനിച്ചതാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയത് ഇത് നടപ്പാക്കാൻ കാരണമായി. പൊലീസിന് ക്രമസമാധാനം വലിയ തോതിൽ ശ്രദ്ധിക്കേണ്ടി വന്നു. അടിസ്ഥാനപരമായി ഇത് തടസമായി. ഇനി കാത്തുനിൽക്കാൻ സമയമില്ല. കർശന നടപടികളിലേക്ക് നീങ്ങാനുള്ള സമയമായി.

സാമൂഹിക അകലം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കും. കടകളിൽ കടയുടമക്കെതിരെ നടപടിയെടുക്കും.

കടയ്ക്ക് അകത്ത് നിൽക്കാവുന്നതിലും കൂടുതൽ പേരുണ്ടെങ്കിൽ പുറത്ത് ക്യൂവായി നിൽക്കണം. ഇത്തരത്തിൽ കടയുടമയ്ക്ക് ഉത്തരവാദിത്തം വരും. അത് നിറവേറ്റിയില്ലെങ്കിൽ നടപടിയെടുക്കും. അത് അതേ രീതിയിൽ നടപ്പിലാക്കുന്നതിന് കേരളത്തിന്‍റെ അന്തരീക്ഷത്തിൽ വന്ന മാറ്റം തടസം സൃഷ്ടിച്ചു. ഇത് പാലിച്ചില്ലെങ്കിൽ കടയ്ക്ക് നേരെ നടപടിയെടുക്കും. കട അടച്ചിടും.

കല്യാണത്തിന് 50 പേരാണ് കൂടാവുന്നത്. ശവദാഹത്തിന് 20 പേർ എന്ന് നേരത്തെ കണക്കാക്കിയതാണ്. ഇത് അതേ നിലയിൽ നടപ്പിലാക്കണം. ഇതിലും മാറ്റം വരുന്നുണ്ട്. അത് സമ്മതിക്കാനാവില്ല. ആൾക്കൂട്ടം പല തരത്തിൽ പ്രയാസമുണ്ടാക്കുന്നു. അതാണ് വ്യാപനത്തിന് കാരണം.

ഇന്ന് റിവ്യൂ മീറ്റിങിൽ ഒരു കളക്ടർ പറഞ്ഞത്, ഒരു ശവദാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും കൊവിഡ് ബാധിച്ചുവെന്നാണ്. ഇത് പ്രോട്ടോക്കോൾ പാലിക്കാതെ വരുന്നതാണ്. ഇത് ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ ഇടപെടൽ ഉണ്ടാകും. ഇന്നുള്ള സംവിധാനം മാത്രം പോര.

സർക്കാർ സർവീസിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ നല്ല രീതിയിൽ ഇക്കാര്യത്തിൽ സഹായിക്കാനാവുന്നവരാണ്. അത്തരം ആളുകളുടെ പട്ടിക തയ്യാറാക്കും. പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം ഇവർക്ക് നൽകും. പ്രത്യേകമായ ചില അധികാരങ്ങളും തത്കാലം നൽകും. അത്തരത്തിലൊരു ഇടപെടൽ സംസ്ഥാനത്താകെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടാകണം.

മാസ്ക് ധരിക്കാത്ത ആളുകളുണ്ടാകുന്നു. പിഴ വർധിപ്പിക്കേണ്ടതായി വരും. അതിനാവശ്യമായ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്താകമാനം 225 കൊവിഡ് സിഎഫ്എൽടിസികളുണ്ട്. രോഗലക്ഷണം കുറഞ്ഞതോ ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി 32979 കിടക്കകളുണ്ട്. 19478 എണ്ണത്തിൽ രോഗികളെ ചികിത്സിക്കുന്നുണ്ട്. കൊവിഡ് മുക്തർക്ക് പല അസുഖം വരുന്നുണ്ട്. പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിക്കും.

രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തിൽ 38 കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സ്ഥാപിച്ചു. 18 ഇടത്ത് അഡ്മിഷൻ തുടങ്ങി. 669 രോഗികളെ അഡ്മിറ്റ് ചെയ്തു. ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ സൗകര്യമെല്ലാം പരമാവധി ഒരുക്കി.

ഇപ്പോൾ കോഴിക്കോട് ജില്ലയിലാണ് സ്ഥിതി ഗുരുതരം. 918 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. 900 സമ്പർക്കം. കോട്ടയത്ത് എല്ലാ മുനിസിപ്പാലിറ്റികളും ഭൂരിഭാഗം ഗ്രാമ പഞ്ചായത്തിലും കൊവിഡ് ബാധിതരുണ്ട്. മൂന്ന് ദിവസമായി രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നു.

പത്ത് ദിവസത്തിനുള്ളിൽ തൃശ്ശൂരിൽ വർധിച്ചത് 4000 രോഗികളാണ്. 60 വയസിന് മുകളിൽ 73 പേർക്കും 10ൽ താഴെ പ്രായമുള്ള 28 പേർക്കും കൊവിഡ് ബാധിച്ചു. വയനാട്ടിൽ കൗമാരക്കാരിലും യുവാക്കളിലുമാണ് രോഗബാധ കൂടുതൽ. ഇന്നലെ 172 പേർക്ക് സ്ഥിരീകരിച്ചതിൽ 105 പേർ 10 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്.

കണ്ണൂരിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ ഉണ്ടാകുന്നു. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു. മൂന്ന് ആശുപത്രികളടക്കം ആറ് ആക്ടീവ് ക്ലസ്റ്ററുണ്ട്.

Related Stories

Anweshanam
www.anweshanam.com