കോവിഡ്: രാജ്യത്ത് സമൂഹവ്യാപനം തുടങ്ങി; സ്ഥിതി അതീവ ഗുരുതരമെന്ന് ഐ.എം.എ
Top News

കോവിഡ്: രാജ്യത്ത് സമൂഹവ്യാപനം തുടങ്ങി; സ്ഥിതി അതീവ ഗുരുതരമെന്ന് ഐ.എം.എ

By News Desk

Published on :

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). സ്ഥിതി വളരെ രൂക്ഷമാണെന്ന് ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്സണ്‍ ഡോ. വികെ. മോംഗ എഎന്‍ഐ യോട് പറഞ്ഞു. പ്രതിദിനം 30,000 പേര്‍ക്ക് രോഗം ബാധിക്കുന്നു. കൂടുതലും ഗ്രാമീണ മേഖലയിലാണ്. ഇത് സമൂഹ വ്യാപനത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങളില്‍ രോഗം നിയന്ത്രിക്കാന്‍ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ ഇക്കാര്യം അസാധ്യമാണെന്ന് മോംഗ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം കോവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേക്ക് നീങ്ങുകയാണ്. മൂന്ന് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ മൂന്ന് ലക്ഷം കടന്നു. ഇന്നലെ മാത്രം 8348 പേര്‍ക്കാണ് രോഗം കോവിഡ് സ്ഥിരീകരിച്ചത്. 144 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 11,596 ആയി.

കര്‍ണാടകയില്‍ രോഗം ബാധിച്ച് 93 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1240 ആയി. 4537 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 59652. ആന്ധ്രാപ്രദേശില്‍ 52 ഉം തെലങ്കാനയില്‍ ആറും പുതുച്ചേരിയില്‍ മൂന്നു പേരും കോവിഡ് ബാധിച്ച് മരിച്ചു. ആന്ധ്രാപ്രദേശില്‍ 3963 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 44609.

Anweshanam
www.anweshanam.com