അഞ്ച് ലക്ഷം കടന്ന് സംസ്ഥാനത്തെ കോവിഡ് രോഗികള്‍; ജാഗ്രത തുടരണമെന്ന് മന്ത്രി കെ കെ ശൈലജ

രണ്ട് മാസം കൊണ്ടാണ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷമായി ഉയര്‍ന്നത്
അഞ്ച് ലക്ഷം കടന്ന് സംസ്ഥാനത്തെ കോവിഡ് രോഗികള്‍; ജാഗ്രത തുടരണമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം (5,02,719) കടന്നതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇതുവരെ 5,02,719 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 11ന് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷമായിരുന്നു. രണ്ട് മാസം കൊണ്ടാണ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷമായി ഉയര്‍ന്നത്. വെെറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അഞ്ച് ലക്ഷം കോവിഡ് രോഗികളില്‍ 4,22,410 പേര്‍ ഇതുവരെ രോഗ മുക്തി നേടി. 78,420 ചികിത്സയില്‍ തുടരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതരുടെ എണ്ണം 5 ലക്ഷം കടന്നപ്പോഴും 1771 കോവിഡ് മരണങ്ങള്‍ മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. മറ്റ് സ്ഥലങ്ങളില്‍ ഉയര്‍ന്ന മരണനിരക്കുള്ളപ്പോള്‍ കേരളത്തിലെ മരണ നിരക്ക് 0.35 മാത്രമാണ്.

കഴിഞ്ഞ 10 മാസക്കാലമായി കോവിഡിനെതിരായ പ്രതിരോധത്തിലാണ് സംസ്ഥാനം. ഇന്ത്യയിലാദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ത്ഥിയിലൂടെ കേരളത്തിലാണ്. എന്നാല്‍ മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയര്‍ന്നപ്പോഴും പിടിച്ച് നില്‍ക്കാന്‍ നമുക്കായി. ആദ്യ ഘട്ടത്തില്‍ 3 കേസുകളാണ് ഉണ്ടായത്. മേയ് 3 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി ഉയരുകയും ചെയ്തു. ലോക് ഡൗണ്‍ മാറി മേയ് 4ന് ചെക്ക്‌പോസ്റ്റുകള്‍ തുറന്നതോടെ മൂന്നാം ഘട്ടത്തില്‍ രോഗികളുടെ എണ്ണം പതിയെ വര്‍ധിച്ചു. തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ക്ലസ്റ്റര്‍ സ്ട്രാറ്റജി ആവിഷ്‌ക്കരിച്ച് രോഗ നിയന്ത്രണത്തിന് സാധിച്ചു. പിന്നീട് ഓണം കഴിഞ്ഞുള്ള ആഴ്ചകളില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടി 10,000 കഴിഞ്ഞു.

ഒരു ഘട്ടത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000വും കടന്നു. പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളില്‍ ആകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ എല്ലാവരും ജാഗ്രത പാലിച്ചതോടെ പ്രതിദിന രോഗികളുടെ എണ്ണം കുറയ്ക്കാനായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയ്ക്കാന്‍ സാധിച്ചു. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മറ്റും എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ കൂടുതല്‍ വ്യാപനമുണ്ടാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com